സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി; ഷാർജയിൽ 75,000 ദിർഹം മോഷ്ടിച്ചയാൾക്ക് തടവുശിക്ഷയും നാടുകടത്തലും

ഷാർജ: താമസസ്ഥലത്തുനിന്ന് 75,000 ദിർഹം മോഷ്ടിക്കുകയും മറ്റൊരു മോഷണത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഒരു വർഷം തടവും നാടുകടത്തലും വിധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളാണ് ഇരു സംഭവങ്ങളിലും നിർണായക തെളിവായത്. മോഷണക്കേസിൽ ആറു മാസവും മോഷണശ്രമത്തിന് ആറു മാസവും വീതം തടവുശിക്ഷയാണ് ഷാർജ മിസ്ഡിമീനേഴ്സ് കോടതി പ്രതിക്ക് വിധിച്ചത്. ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ യു.എ.ഇയിൽ നിന്ന് നാടുകടത്താനാണ് കോടതി ഉത്തരവ്.

മറ്റുളളവർക്കൊപ്പം ഒന്നിച്ച് താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന 75,000 ദിർഹം കാണാതായതിനെ തുടർന്ന് ഒരു താമസക്കാരൻ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി താൽക്കാലികമായി സൂക്ഷിച്ചിരുന്ന തുകയാണിതെന്ന് ‘അൽ ഖലീജ്’ പത്രം റിപ്പോർട്ട് ചെയ്തു. പണം കാണാതായതോടെ മോഷ്ടാവിനെ കണ്ടെത്താനായി പരാതിക്കാരൻ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ, ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ മറ്റൊരു മുറിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞത് സംശയം വർധിപ്പിച്ചു.

തുടർന്ന് ഈ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണത്തിൽ 75,000 ദിർഹം മോഷ്ടിച്ചതിലും കാമറയിൽ പതിഞ്ഞ മോഷണശ്രമത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായി. വിചാരണ വേളയിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും, തെളിവുകൾ പരിശോധിച്ച കോടതി മോഷണം, മോഷണശ്രമം എന്നീ കുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഒരു വർഷം തടവും ശിക്ഷക്കുശേഷം രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടത്.

Tags:    
News Summary - CCTV footage, Sharjah, Dirham,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.