കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി സന്ദർശിക്കുന്നു
ദുബൈ: കുട്ടികളുടെ വ്യാപാരമേള സന്ദർശിച്ച് യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. ജി.ഡി.ആർ.എഫ്.എ ദുബൈ സംഘടിപ്പിക്കുന്ന ‘യങ് മെർച്ചന്റ് 2026’ കാണാനാണ് മന്ത്രിയെത്തിയത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി മന്ത്രിയെ സ്വീകരിച്ചു. പ്രദർശനത്തിലെ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികൾ അവതരിപ്പിച്ച ആശയങ്ങളും ഉൽപന്നങ്ങളും നേരിട്ട് വിലയിരുത്തുകയും കുട്ടികളോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.
ചെറുപ്രായത്തിൽ തന്നെ സംരംഭകത്വ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുന്ന കുട്ടികളുടെ ആത്മാർഥതയും സർഗാത്മകതയും അദ്ദേഹം അഭിനന്ദിച്ചു. പ്രദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് പുതുഊർജം പകരുകയും ചെയ്ത സന്ദർശനമായിരുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.
കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സംരംഭകത്വ ചിന്ത, ബിസിനസ് നൈപുണ്യം, സാമ്പത്തിക അവബോധം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ ‘യങ് മെർച്ചന്റ് 2026’ സംഘടിപ്പിക്കുന്നത്. ജി.ഡി.ആർ.എഫ്.എ ദുബായുടെ ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ കുട്ടികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ചെറിയ വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജമാക്കിയ സ്റ്റാളുകളിൽ കുട്ടികൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും വിലപേശുകയും വിൽക്കുകയും ചെയ്യുന്നു. വ്യാപാരത്തിന്റെ ബാലപാഠങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ അവർക്ക് ലഭിക്കുന്നത്.
ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം യഥാർഥ ജീവിതാനുഭവങ്ങളിലൂടെ പഠിക്കാനുള്ള വേദിയായാണ് ‘യങ് മെർച്ചന്റ് 2026’ ശ്രദ്ധ നേടുന്നത്. യുവതലമുറയിലെ കഴിവുകളെ കണ്ടെത്തി അവരെ ഭാവിയിലെ നവീന സംരംഭകരായി വളർത്തുകയെന്ന ദുബൈ സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.