നക്ഷത്രങ്ങളെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകാൻ അബൂദബി ന്യൂയോർക്ക് യൂനിവേഴ്സിറ്റി ഗവേഷകർ

അബൂദബി: നക്ഷത്രങ്ങളുടെ ജനനവും ഗാലക്സികളുടെ പരിണാമവും സംബന്ധിച്ച് നിർണായക വിവരങ്ങൾ നൽകാൻ സഹായിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ പദ്ധതിയായ 'സ്ലോൺ ഡിജിറ്റൽ സ്കൈ സർവേ-വി' (എസ്.ഡി.എസ്.എസ്- വി) യിൽ പങ്കാളികളായി അബൂദബി ന്യൂയോർക്ക് യൂനിവേഴ്സിറ്റി (എൻ.വൈ.യു.എ.ഡി) ഗവേഷകർ. 13 രാജ്യങ്ങളിലെ 70ലധികം സ്ഥാപനങ്ങൾ പങ്കാളികളായ ആഗോള പദ്ധതിയുടെ 20-ാമത് പബ്ലിക് ഡാറ്റ റിലീസിന്റെ (ഡി. ആർ 20) ഭാഗമായി, ക്ഷീരപഥത്തെയും സമീപത്തുള്ള മറ്റ് ഗാലക്സികളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ അടങ്ങിയ ‘ലോക്കൽ വോളിയം മാപ്പർ’ (എൽ.എം.ആർ) സർവേ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പ്രകാശത്തെ ആയിരക്കണക്കിന് വർണങ്ങളായി വിഭജിച്ച് നക്ഷത്രങ്ങൾക്കിടയിലുള്ള വാതകങ്ങളുടെ ഘടന, താപനില, ചലനം എന്നിവ കൃത്യമായി അളക്കാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഫോട്ടോഗ്രാഫുകളിൽ ദൃശ്യമാകാത്ത അപൂർവ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ ഗാലക്സികളുടെ വികാസത്തിന് പിന്നിലെ ഭൗതിക പ്രക്രിയകളെക്കുറിച്ച് പുതിയ വീക്ഷണം നൽകാൻ ഈ കണ്ടെത്തലുകൾക്ക് സാധിക്കും.

2023ൽ ഡാറ്റ ശേഖരണം ആരംഭിച്ചത് മുതൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.വൈ.യു.എ.ഡി റിസർച്ച് സയന്റിസ്റ്റ് ഇവാൻ കട്കോവ്, എൽ.വി.എം ഡാറ്റ പ്രോസസിംഗിലും കാലിബ്രേഷനിലും പ്രധാന പങ്ക് വഹിച്ചതോടൊപ്പം ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വെബ് ബ്രൗസർ വഴി സർവേ വിവരങ്ങളും നെബുലകളുടെയും ഗാലക്സികളുടെയും നിരീക്ഷണങ്ങളും നേരിട്ട് കണ്ട് അപഗ്രഥിക്കാൻ സഹായിക്കുന്ന ‘എൽ.വി.എം.വി.ഐ.എസ്’ എന്ന ഇന്ററാക്ടീവ് വെബ് പ്ലാറ്റ്ഫോമും വികസിപ്പിച്ചെടുത്തു.

നക്ഷത്രങ്ങളും വാതകങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനം മനസ്സിലാക്കുന്നത് ഗാലക്സികളുടെ വികാസം പഠിക്കുന്നതിൽ പ്രാഥമിക ഘടകമാണെന്നും, ഈ വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത് ബഹിരാകാശ ഗവേഷണങ്ങൾക്ക് വലിയ വേഗം നൽകുമെന്നും എൻ.വൈ.യു.എ.ഡി ഫിസിക്സ് അസോസിയേറ്റ് പ്രൊഫസർ ജോസഫ് ഗെൽഫാൻഡ് വ്യക്തമാക്കി.

കൂടാതെ, നക്ഷത്ര വിസ്ഫോടനങ്ങൾ മൂലം ഉണ്ടാകുന്ന ആഘാത തരംഗങ്ങൾ നക്ഷത്രാന്തര വാതകങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കാൻ എൽ.വി.എമ്മിന്റെ സ്പെക്ട്രോസ്കോപ്പിക് നിരീക്ഷണങ്ങൾ സഹായിക്കുമെന്ന് സെന്റർ ഫോർ ആസ്ട്രോഫിസിക്സ് ആൻഡ് സ്പേസ് സയൻസ് ഫെലോ അഹമ്മദ് നെമറും ചൂണ്ടിക്കാട്ടി.

2003 മുതൽ സൗജന്യമായി വിവരങ്ങൾ പങ്കുവെക്കുന്ന എസ്.ഡി.എസ്.എസ് പദ്ധതിയുടെ മുമ്പത്തെ ഘട്ടത്തിലും പങ്കാളിയായിരുന്ന എൻ. വൈ.യു. അബൂദബി, നിലവിലെ എസ്. ഡി. എസ്. എസ് - വി ഘട്ടത്തിൽ പങ്കാളിയാകുന്ന അറബ് ലോകത്തുനിന്നുള്ള ഒരേയൊരു സ്ഥാപനമാണ്.

Tags:    
News Summary - Stars, researchers from New York University Abu Dhabi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.