റാസൽഖോറിൽ കാൽനടക്കാർക്കും സൈക്ലിസ്റ്റുകൾക്കുമായി നിർമിച്ച പാലം
ദുബൈ: സൈക്കിൾ യാത്രികർക്കും കാൽനടക്കാർക്കും മാത്രമായി ദുബൈ റാസൽഖോർ റോഡിൽ പാലം പൂർത്തിയായി. 475 മീറ്റർ നീളമുള്ള പാലത്തിന് അഞ്ചുമീറ്റർ വീതിയുണ്ട്. മൂന്നുമീറ്റർ സൈക്കിളിനും രണ്ടുമീറ്റർ കാൽനടക്കാർക്കുമായി മാറ്റിവെച്ചിരിക്കുന്നു. ഇവ വേർതിരിച്ചിട്ടുണ്ട്. ഇൻറർനാഷനൽ സിറ്റിയെയും അൽ വർഖയെയും ബന്ധിപ്പിക്കുന്ന പാതയാണിെതന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
വാഹനങ്ങൾ ചീറിപ്പായുന്ന ഈ വഴിയിൽ മറുകര കടക്കാൻ ബുദ്ധിമുട്ടുന്ന സൈക്ലിസ്റ്റുകൾക്കും കാൽനടക്കാർക്കും ഏറെ ഉപകാരപ്രദമാണ് പുതിയ പാലം. അൽ വർഖ, ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ നിന്നുള്ള സൈക്കിളുകൾക്ക് ഇൻറർനാഷനൽ സിറ്റിയിലേക്കും ഡ്രാഗൺ മാർട്ടിലേക്കും എത്താനുള്ള എളുപ്പവഴി കൂടിയാണിത്. നിരവധി സന്ദർശകരെത്തുന്ന ഡ്രാഗൺ മാർട്ടിന് സമീപമാണ് പാലം നിർമിച്ചിരിക്കുന്നത്. സ്റ്റീലും കോൺക്രീറ്റും ഉൾപ്പെടുത്തിയിരിക്കുന്ന പാലം നിർമിക്കാൻ ആവശ്യമായി വന്നത് 370 ടൺ സ്റ്റീലാണ്. പാലത്തിെൻറ 475 മീറ്ററിൽ 110 മീറ്റർ സ്റ്റീലാണ്. മൂന്ന് കോൺക്രീറ്റ് പില്ലറും ഉൾപ്പെടുന്നു. ഇരുവശങ്ങളിലും മെറ്റൽ ൈകവരികളുണ്ട്.
വർഖ, മുഷ്രിഫ്, ഖവാനീജ് എന്നിവിടങ്ങളിലും ആർ.ടി.എ സൈക്കിൾ ട്രാക്കുകൾ നിർമിച്ചിരുന്നു. 14 വർഷത്തിനിടെ ദുബൈയിൽ നൂറുകണക്കിന് നടപ്പാലങ്ങൾ നിർമിച്ചതായി ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽതായർ പറഞ്ഞു. 2006ൽ 13 നടപ്പാലങ്ങളുണ്ടായിരുന്നത് ഇപ്പോൾ 129 ആയി. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 31 പാലങ്ങൾകൂടി കാൽനടക്കാർക്കായി നിർമിക്കും. കാൽനടക്കാരുടെ അപകടമരണ നിരക്ക് 2007ൽനിന്ന് 81 ശതമാനം കുറഞ്ഞു. നിലവിൽ 425 കിലോമീറ്റർ സൈക്കിൾ പാതയാണ് ദുബൈയിലുള്ളത്. 2025ൽ ഇത് 668 കിലോമീറ്ററായി ഉയർത്തും. ചില ട്രാക്കുകളിൽ സൈക്കിളുകളുടെ വേഗം 20, 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.