ദുബൈ: കേരളത്തിൽ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാർ പങ്കെടുക്കുന്ന ‘സ്നേഹസ്പർശം’ കലാസന്ധ്യ ശനിയാഴ്ച ദുബൈയിൽ അരങ്ങേറും. വൈകീട്ട് ഏഴിന് ദുബൈ വിമൻസ് അസോസിയേഷൻ ഹാളിലാണ് കലാസന്ധ്യ സംഘടിപ്പിക്കുന്നത്. ‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയിൽ കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ ഭിന്നശേഷിക്കാരായ 15 കലാകാരൻമാരാണ് കലാപരിപാടികൾ പ്രദർശിപ്പിക്കുക. വീൽചെയറിലുള്ള ഒപ്പന, നാടൻപാട്ട്, സിനിമ ഗാനങ്ങൾ എന്നിവക്കൊപ്പം സിനിമ പിന്നണി ഗായിക സിന്ധു പ്രേംകുമാർ, ഗായകൻമാരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് തുടങ്ങിയവരുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടക്കും.
പരിപാടിയിൽ പങ്കെടുക്കാനായി ദുബൈയിലെത്തിയ ഭിന്നശേഷി കലാകാരൻമാർക്ക് വിമാനത്താവളത്തിൽ സംഘാടകർ ഊഷ്മള സ്വീകരണം നൽകിയിരുന്നു. നെല്ലറ ഗ്രൂപ് സാരഥി നെല്ലറ ശംസുദ്ദീൻ മുൻകൈയെടുത്താണ് ഭിന്നശേഷി കലാകാരൻമാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുന്നത്. ഭിന്നശേഷിക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.