കൊതുക് നിയന്ത്രണത്തിന്​ സ്ഥാപിച്ച സ്മാർട്ട് കെണി

സ്മാർട്ട് കെണി: അബൂദബിയിൽ കൊതുക് നിയന്ത്രണം വിജയം

അബൂദബി: സ്മാര്‍ട്ട് കെണികളിലൂടെ കൊതുകുകളെ നിയന്ത്രിക്കുന്ന സംവിധാനം വിജയം കൈവരിച്ചതായി അബൂദബി പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം, നഗര വികാസം, കീടനാശിനി പ്രതിരോധശേഷിയുള്ള കൊതുക് ഇനങ്ങളുടെ വ്യാപനം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമായാണ് ഇത്തരമൊരു സംരംഭത്തിന് അധികൃതര്‍ തുടക്കംകുറിച്ചത്.

പെണ്‍കൊതുകുകളെ ആകര്‍ഷിക്കുന്നതിനായി മനുഷ്യശരീരത്തില്‍ നിന്നുള്ള ഗന്ധം പുറപ്പെടുവിക്കുകയാണ് ഈ സ്മാര്‍ട്ട് കെണി ചെയ്യുന്നത്. കൊതുകുകള്‍ കെണിക്കു സമീപമെത്തിയാലുടന്‍ ഇതിന്റെ ഉള്ളിലെ ഫാന്‍ കൊതുകുകളെ അകത്തേക്ക് വലിച്ചെടുക്കും. മെഷീനില്‍ തയാറാക്കിയിരിക്കുന്ന വലയിലാണ് കൊതുകുകള്‍ അകപ്പെടുക.

കെണിയില്‍ കുടുങ്ങിയ കൊതുകുകളുടെ എണ്ണം, താപനില, സമയം തുടങ്ങിയ വിവരങ്ങള്‍ യഥാസമയം കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് അയച്ചുനല്‍കാനും ഈ കൊതുക് കെണിക്ക് കഴിയും. ഈ ഡാറ്റ നിര്‍മിത ബുദ്ധി ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്ത് കൊതുകുകളുടെ ജൈവിക സ്വഭാവരീതികളെയും പാരിസ്ഥിതിക മാറ്റങ്ങളെയും അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുകയും ചെയ്യും.

2020ല്‍ ഇവ അബൂദബിയില്‍ അവതരിപ്പിച്ചതു മുതല്‍ സ്മാര്‍ട്ട് കൊതുക്​ കെണി ശൃംഖലകള്‍ ശ്രദ്ധേയമായ ഫലം കൊണ്ടുവന്നിട്ടുണ്ട്. കൊതുകുകളെ പിടികൂടുന്നത് 400 ശതമാനം വരെ വര്‍ധിപ്പിക്കാനായി. പരമ്പരാഗത കൊതുകുകെണി ഉപയോഗിച്ച് 60 കൊതുകുകളെ ഒരു ദിവസം പിടികൂടുമ്പോള്‍ സ്മാര്‍ട്ട് ട്രാപ്പ് ഉപയോഗിച്ച് 240 കൊതുകുകളെ പിടികൂടാനാവുന്നുണ്ട്. ഇതിനു പുറമോ കൊതുകകളുടെ പ്രകൃതവും ഇവ കൂടുതലായി പെരുകുന്ന സ്ഥലങ്ങളുമൊക്കെ സ്മാര്‍ട്ട് ആപ്പിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് കണ്ടെത്താനാവും. ഈ സാങ്കേതിക വിദ്യയിലൂടെ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളുടെ എണ്ണത്തില്‍ 42 ശതമാനം കുറവ് കൈവരിക്കാനായി.

കീടനാശിനി ഉപയോഗം കുറക്കാനും ഇവ സഹായിച്ചിട്ടുണ്ട്. കീടനാശിനി തളിക്കുന്നതിനും നിരീക്ഷണത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ ഉപയോഗം കുറച്ചതിലൂടെ ഇവയുടെ ഇന്ധന ഉപയോഗം 28 ശതമാനം വരെ കുറക്കാനായി. 2019ല്‍ 6,30,312 ലിറ്റര്‍ ഇന്ധനമായിരുന്നു ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2024ല്‍ ഇത് 4,52,000 ലിറ്ററായി കുറക്കാനായി.

സ്മാര്‍ട്ട് കൊതുകു കെണിക്കായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ 94 ശതമാനത്തിലേറെ പുനര്‍നിര്‍മിക്കപ്പെട്ട വസ്തുക്കളാണ്. ഇവ സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അബൂദബിയിലെ താമസകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളിലായി 920 സൗരോര്‍ജ സ്മാര്‍ട്ട് കെണികളാണ് എമിറേറ്റില്‍ വിതരണം ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നുള്ള വിവരം കേന്ദ്രീകൃത ഡാറ്റാ ബേസില്‍ എത്തും. ആറുവര്‍ഷത്തിനുള്ളില്‍ 1.2 കോടി ദിര്‍ഹമാണ് സ്മാര്‍ട്ട് കെണികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും കൃത്യമായ കൊതുക നിരീക്ഷണ ശൃംഖല ആ പണത്തിനുള്ള മൂല്യം നല്‍കുകയും ചെയ്യുന്നു.

Tags:    
News Summary - Smart trap: Mosquito control success in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.