അബൂദബി: 2025ന്‍റെ ആദ്യപകുതിയില്‍ യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ 75.4 കോടി യാത്രികരെ സ്വീകരിച്ചതായി റിപ്പോർട്ട്. 2024ലെ ഇതേ കാലയളവില്‍ 71.7 കോടി യാത്രികരായിരുന്നു രാജ്യത്തെ വിമാനത്താവളങ്ങളിലെത്തിയത്. ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്‍റെ വളര്‍ച്ച കൈവരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ മാത്രം 13.7 കോടി യാത്രികരാണ് യു.എ.ഇയിലെത്തിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ 15 പുതിയ കേന്ദ്രങ്ങളിലേക്ക് കൂടി യു.എ.ഇ ദേശീയ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിച്ചതും യാത്രികരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
ചരക്ക് നീക്കത്തിലും വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ ആദ്യ ആറുമാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 4.74 ശതമാനം വളര്‍ച്ച കൈവരിച്ച എയര്‍ കാര്‍ഗോ രംഗം ഈ വര്‍ഷം 22 ലക്ഷം ടണ്‍ ചരക്കുകളാണ് കൈകാര്യം ചെയ്തത്. സാമ്പത്തിക, ടൂറിസം മന്ത്രിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ)യുടെ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി, ജി.സി.എ.എ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി എന്നിവര്‍ ഈ നേട്ടത്തിനു കാരണക്കാരായ രാഷ്ട്രനേതാക്കളുടെ ദീര്‍ഘവീക്ഷണത്തെയും പിന്തുണയെയും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.