ദുബൈ: പഴയകാല പ്രവാസികൾ മുതൽ ന്യൂ ജനറേഷൻ വരെ പാട്ടെന്ന് കേട്ടാൽ നെഞ്ചൊന്ന് പിടക്കും. പണ്ടുകാലങ്ങളിൽ ബാബുക്കയുടെ ഗാനങ്ങളും കത്തുപാട്ടുകളുമായിരുന്നു പ്രവാസികളുടെ ചുണ്ടിനെ ചലപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ജിൽ ജിൽ ജിൽ പാട്ടുകളാണ് ഏറ്റുപാടുന്നത്. നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ കുളിര് പകരുന്ന പാട്ടുകൾ ഏതുമാകട്ടെ, അത് പാടാനും സമ്മാനം വാരാനും അവസരമൊരുക്കുകയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള. പ്രവാസ ലോകത്തിന്റെ ആഘോഷമേളയുടെ പകലുകളെ സംഗീതസാന്ദ്രമാക്കാനെത്തുന്ന ‘സിങ് എൻ വിന്നി’ലൂടെ പാട്ടുപാടി സമ്മാനങ്ങൾ സ്വന്തമാക്കാം. അവതാരക ‘സിങ്കങ്ങളായ’ കല്ലുവും മാത്തുവുമായിരിക്കും ഈ പരിപാടിക്ക് ചുക്കാൻപിടിക്കുക.
പാട്ട് പാടാൻ അവസരം ലഭിക്കാത്തവർക്കുള്ള തുറന്ന വേദിയായിരിക്കും ഇത്. കമോൺ കേരളയുടെ മൂന്ന് ദിനങ്ങളിലും സിങ് എൻ വിൻ അരങ്ങ് തകർക്കും. പാട്ട് മാത്രമായിരിക്കില്ല, ആട്ടവും കളിചിരികളുമെല്ലാമായി തത്സമയ പരിപാടികളായിരിക്കും ഇവിടെ അരങ്ങേറുക. കല്ലുവിന്റെയും മാത്തുവിന്റെയും കുസൃതി ചോദ്യങ്ങൾക്ക് മറുപടി പറയാൻ കൂടി തയാറായി വേണം പാട്ടുകാർ വേദിയിലെത്താൻ. ഞൊടിയിടയിൽ പാട്ടുകൾ പൊട്ടിമുളക്കുന്ന നേർക്കാഴ്ചകളും കാണാം. ഒരു പക്ഷേ, ഈ പാട്ടാവാം നാളെ സമൂഹമാധ്യമങ്ങളിൽ നിങ്ങളെ താരങ്ങളാക്കുന്നത്. കൊച്ചുകുട്ടികളിലെ പ്രതിഭകളെ പുറത്തുകൊണ്ടുവരാനും പാട്ടിന്റെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്താനും സിങ് എൻ വിൻ വേദിയൊരുക്കും. ഇതിനൊപ്പം രാജ് കലേഷിന്റെയും മാത്തുക്കുട്ടിയുടെയും ‘മച്ചാൻസ് ഇൻ ഷാർജ’ എന്ന പരിപാടിയും അരങ്ങേറുന്നുണ്ട്.
ഇന്ത്യൻ പ്രവാസ ലോകത്തിന്റെ ഏറ്റവും വലിയ വിനോദ, സാംസ്കാരിക, കലാ മാമാങ്കത്തിന്റെ ഭാഗമാകാൻ പകൽ സമയങ്ങളിൽ ഷാർജ എക്സ്പോ സെന്ററിലെത്തുന്നവരെ സ്വീകരിക്കാനും അവർക്കായി മത്സരങ്ങളൊരുക്കാനും സമ്മാനം വാരിവിതറാനുമാണ് മച്ചാൻമാർ കളത്തിലിറങ്ങുന്നത്. ഉത്സവാന്തരീക്ഷത്തിലായിരിക്കും കമോൺ കേരളയുടെ ഓരോ പകലും കടന്നുപോകുക. ഇതുവരെ കാണാത്ത, അനുഭവിക്കാത്ത തരത്തിലുള്ള വ്യത്യസ്ത പരിപാടികൾ ഇവിടെ ആസ്വദിക്കാൻ കഴിയും.
ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സംഗമിക്കുന്ന ടേസ്റ്റി ഇന്ത്യയിൽനിന്ന് പുതുരുചികൾ നുണർന്ന്, കല്ലുവിന്റെയും മാത്തുവിന്റെ ആഘോഷത്തിൽ പങ്കെടുത്ത്, കൈനിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള വേദിയാണ് അഞ്ചാം സീസണിൽ തുറക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങളായതിനാൽ പകൽ മുഴുവൻ കുട്ടികൾക്കും കുടുംബങ്ങൾക്കും തകർത്താഘോഷിക്കാനുള്ള എല്ലാവിഭവങ്ങളും ഇവിടെയുണ്ടാകും. cokuae.com വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് ഇപ്പോൾതന്നെ സിങ് എൻ വിന്നിൽ പാട്ടുറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.