ഗസ്സയിലേക്ക്​ പുറപ്പെടാൻ സജ്ജമായ ‘സഖ്​ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്​’

ഗസ്സയിലേക്ക്​ 4,000 ടൺ സഹായ വസ്തുക്കളുമായി കപ്പൽ

റാസൽഖൈമ: സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ നി​ർദേശപ്രകാരം ഗസ്സയിലേക്ക്​ 4,000 ടൺ സഹായ വസ്തുക്കളുമായി കപ്പൽ പുറപ്പെട്ടു. ‘സഖ്​ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്​’ എന്ന്​ പേരിട്ട കപ്പൽ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തേക്കാണ് പോകുന്നത്. ഇവിടെ നിന്ന് സഹായ വസ്തുക്കൾ ഗസ്സയിലേക്ക് എത്തിക്കും. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’മായി സഹകരിച്ചാണ് സഹാക്കപ്പൽ സംവിധാനിച്ചത്​. ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള യു.എ.ഇയുടെ തുടർച്ചയായ മാനവിക ശ്രമങ്ങളുടെ ഭാഗമാണിത്.

ഭക്ഷ്യവസ്തുക്കൾ, ശീതകാല വസ്ത്രങ്ങൾ, താമസ സൗകര്യ സാമഗ്രികൾ, അവശ്യ ഗൃഹോപകരണങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഉപഭോഗ സാമഗ്രികൾ എന്നിവയാണ് സഹായ വസ്തുക്കളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും, ഗസ്സയിലെ സാധാരണ ജനങ്ങളുടെ പ്രയാസം കുറക്കുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.

ജനുവരി 14, 15 തീയതികളിൽ റാസൽഖൈമ എക്സിബിഷൻ സെന്ററിൽ വെച്ചാണ് സഹായ വസ്തുക്കൾ പാക്ക് ചെയ്തത്​. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ്​ ഈ പ്രവർത്തനം നടന്നത്​.

യു.എ.ഇയിൽ നിന്ന് ഗസ്സയിലേക്ക് അയക്കുന്ന 12-ാമത്തെ സഹായ കപ്പലാണ് സഖർ ഹ്യൂമാനിറ്റേറിയൻ ഷിപ്പ്. ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ന്റെ ഭാഗമായി നടപ്പാക്കുന്ന യു.എ.ഇയുടെ മാനവിക പദ്ധതികളുടെ ഭാഗമായ ദൗത്യ, സഹോദര രാഷ്ട്രമായ ഫലസ്തീൻ ജനതക്കൊപ്പം ഉറച്ചുനിൽക്കുന്ന യു.എ.ഇയുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണെന്ന്​ പ്രസ്താവനയിൽ പറഞ്ഞു

Tags:    
News Summary - Ship carrying 4,000 tons of aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.