വികസനം പൂർത്തിയായ അജ്​മാൻ ശൈഖ്​ സായിദ്​ റോഡ്​

അജ്മാനിലെ ശൈഖ് സായിദ് റോഡ് വിപുലീകരിച്ചു

അജ്മാന്‍: എമിറേറ്റിലെ പ്രധാന പാതകളില്‍ ഒന്നായ ശൈഖ് സായിദ് റോഡ് വിപുലീകരിച്ചു. ശൈഖ് ഖലീഫ സ്ട്രീറ്റ് ഇന്‍റർസെക്ഷൻ മുതൽ അൽ റൗദ പാലം വരെ നീളുന്ന 3.7 കിലോമീറ്റർ നീളത്തിലാണ്​ വികസനം പൂർത്തിയാക്കിയത്​. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ്​ 11 ദശലക്ഷം ദിർഹം ചിലവില്‍ വികസന പദ്ധതി നടപ്പിലാക്കിയത്​.

അജ്മാൻ വിഷൻ 2030ന്‍റെ ഭാഗമാണീ പദ്ധതി. ഓരോ ദിശയിലും ഒരു പുതിയ പാത കൂടി ചേർക്കുകയും മൊത്തം പാതകളുടെ എണ്ണം മൂന്നിന് പകരം നാലാക്കി മാറ്റുകയുമാണ്​ ചെയ്തത്​. ഇതു വഴി യാത്രാ സമയം 35 ശതമാനം കുറയും. ഇതുവഴിയുള്ള​ ശരാശരി യാത്രാ സമയം 4.9 മിനിറ്റിൽ നിന്ന് 3.2 മിനിറ്റായി കുറയുമെന്ന്​ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ്​ സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമർ അൽ മുഹൈരി വ്യക്തമാക്കി.

വികസനം പൂർത്തിയായതോടെ വാഹനങ്ങളെ ഉൾകൊള്ളാനുള്ള റോഡിന്‍റെ ശേഷിയും വർധിച്ചു. നേരത്തെ മണിക്കൂറിൽ 3,900 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷിയായിരുന്നു റോഡിനുണ്ടായിരുന്നതെങ്കിൽ പുതിയ വികസനം വഴി ഓരോ ദിശയിലേക്കും 5,200 വാഹനങ്ങളായി ഇത്​ വർധിച്ചു.

എമിറേറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങളും റോഡ് ശൃംഖലയും വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് പദ്ധതിയെന്നും ജീവിത നിലവാരം ഉയർത്തുന്നതിനും ദൈനംദിന ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനും വികസനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര മെച്ചപ്പെടുത്തുന്നതിനും പദ്ധതി നേരിട്ട് ഉപകരിക്കുമെന്ന് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുല്ല മുസ്തഫ അൽ മർസൂഖി പറഞ്ഞു. ഈ മാറ്റം റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതവും കൂടുതൽ സുഖകരവുമായ ഡ്രൈവിങ്​ അനുഭവം ഉറപ്പാക്കുമെന്നും അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി ലെഫ്റ്റനന്‍റ്​ കേണൽ ഫൗദ് യൂസഫ് അൽ ഖാജ വ്യക്തമാക്കി.

Tags:    
News Summary - Sheikh Zayed Road in Ajman expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.