ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച റോഡ്
ദുബൈ: ശൈഖ് റാശിദ് ബിൻ സഈദ് കോറിഡോർ വികസന പദ്ധതിയുടെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.ദുബൈ-അൽഐൻ റോഡിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള പാത, റാസൽഖോർ റോഡിൽ എട്ടു കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ്.
രണ്ടു കിലോമീറ്റർ നീളത്തിൽ നാലു പാലങ്ങളുടെ നിർമാണം ഉൾപ്പെടെയാണ് പദ്ധതി പൂർത്തീകരിച്ച് യാത്രക്കാർക്ക് പൂർണ ഉപയോഗത്തിന് തുറന്നത്.രണ്ടു ഘട്ടങ്ങളായാണ് ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി വികസന പദ്ധതി നടപ്പാക്കിയത്.ആദ്യഘട്ടത്തിൽ റാസൽഖോർ റോഡ് രണ്ടു ദിശയിലേക്കും മൂന്നു വരിയിൽനിന്ന് നാലു വരിയിലേക്ക് വികസിപ്പിക്കുന്ന പദ്ധതിയാണ് പൂർത്തിയാക്കിയത്.ഇതിനായി രണ്ടു ഭാഗങ്ങളിലും ഓരോ വരി പാതകൾ വീതം നിർമിച്ചു. ട്രാഫിക് സുഗമമാക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെച്ചത്.
ഇതിലൂടെ റോഡിൽ ഒരു മണിക്കൂറിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം പതിനായിരത്തിൽ എത്തിക്കാനും യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴു മിനിറ്റായി കുറക്കാനും സാധിച്ചു.രണ്ടാമത്തെ ഘട്ടത്തിൽ 988 മീറ്റർ നീളത്തിൽ രണ്ടുവരി പാലം നിർമിച്ച് നദ് അൽ ഹമർ റോഡിന്റെയും റാസൽ ഖോർ റോഡിന്റെയും ജങ്ഷന്റെ ശേഷി വർധിപ്പിച്ചു.അതോടൊപ്പം 115 മീറ്റർ നീളമുള്ള മറ്റൊരു രണ്ടുവരി പാലവും 368 മീറ്റർ രണ്ടുവരി അടിപ്പാതയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടും.
എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ആർ.ടി.എ വാർത്തക്കുറിപ്പിൽ പറഞ്ഞു.ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി വികസന പദ്ധതി ആർ.ടി.എ നടപ്പാക്കിയ വൻ പദ്ധതികളിലൊന്നാണ്.ദ ലഗൂൺസ്, ദുബൈ ക്രീക്ക്, മെയ്ദാൻ ഹൊറൈസൺ, റാസൽഖോർ, അൽ വസ്ൽ, നദ് അൽ ഹമർ കോംപ്ലക്സ് എന്നിവിടങ്ങളിലെ 6.5 ലക്ഷം താമസക്കാർക്ക് ഉപകാരപ്പെടുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.