ജൈടെക്സ് ഗ്ലോബലിലെ ജി.ഡി.ആർ.എഫ്.എ പവലിയൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് സന്ദർശിക്കുന്നു
ദുബൈ: ജൈടെക്സ് ഗ്ലോബൽ 2025ന്റെ ആദ്യദിവസം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയുടെ പവലിയൻ ശ്രദ്ധേയമായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പവലിയൻ സന്ദർശിക്കുകയും ഡിജിറ്റൽ നൂതന സാങ്കേതികവിദ്യകൾ വിലയിരുത്തുകയും ചെയ്തു.
ഡയറക്ടറേറ്റ് പുതിയതായി അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപ്പെറ്റ് എമിഗ്രേഷൻ കോറിഡോർ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം പ്രമുഖരുമുണ്ടായിരുന്നു.ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രധാന ഡിജിറ്റൽ സേവനങ്ങളെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെയും കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ ചേർന്നാണ് ശൈഖ് മുഹമ്മദിനെയും മറ്റ് മറ്റുള്ളവരെയും സ്വീകരിച്ചത്.
ഇവരുടെ സന്ദർശനവും പ്രശംസകളും ജി.ഡി.ആർ.എഫ്.എയുടെ മികവിന്റെയും നൂതനാശയങ്ങളുടെയും യാത്ര തുടരാൻ വലിയ പ്രചോദനമായെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ജനങ്ങളെ കേന്ദ്രബിന്ദുവായി നിലനിർത്തിയാണ് സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.