അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ ശൈഖ് മൻസൂർ ബിൻ
സായിദ് ആൽ നഹ്യാനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദുബൈ: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തു.
യു.എ.ഇ സംഘത്തെ നയിച്ചുകൊണ്ട് ഖത്തർ തലസ്ഥാനത്തെത്തിയ അദ്ദേഹം 50ലേറെ രാഷ്ട്ര പ്രതിനിധികൾ സംബന്ധിച്ച ഉച്ചകോടിയിൽ പങ്കാളിയായി. നേരത്തേ ആക്രമണത്തിന് തൊട്ടുടനെ യു.എ.ഇ പ്രസിഡൻറ് ദോഹയിലെത്തി ഖത്തറിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചിരുന്നു. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത നിലപാട് പ്രഖ്യാപനവേദിയായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ദോഹയിലെത്തിയ ശൈഖ് മൻസൂറിനെ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി ആൽഥാനി വിമാനത്താവവളത്തിൽ സ്വീകരിച്ചു. യു.എ.ഇ പ്രതിനിധി സംഘത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദിൽ അൽ മസ്റൂയി തുടങ്ങിയവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.