ഖത്‌മത് മലാഹ അതിർത്തി കവാടം

ഒമാനിൽനിന്നുള്ള ട്രക്കുകളുടെ ടോൾ ഒഴിവാക്കി ഷാർജ

ഷാർജ: ഒമാനിൽനിന്ന് പ്രധാന അതിർത്തി കവാടങ്ങൾ വഴി എത്തുന്ന ചരക്ക് ട്രക്കുകളെ ടോൾ ഗേറ്റ് ഫീസിൽ നിന്ന് ഒഴിവാക്കി ഷാർജ. വിതരണ ശൃംഖല ശക്തമാക്കുന്നതിനും യു.എ.ഇയിലുടനീളമുള്ള ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ ഈ നീക്കം. ലോജിസ്റ്റിക്സ് ഇടനാഴി പദ്ധതിക്ക് കീഴിൽ അവതരിപ്പിച്ച വിപുലമായ സേവനങ്ങളുടെ ഭാഗമാണ് ടോൾ ഇളവ്. ഷാർജ പോർട്​സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി, ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവ തമ്മിലുള്ള സഹകരണം വഴിയാണ്​ പദ്ധതി ആരംഭിച്ചത്.

ഷാർജയിലെ തുറമുഖങ്ങളെയും അതിർത്തി കവാടങ്ങളെയും ഒമാനുമായി ബന്ധിപ്പിക്കുന്ന വിപുലീകൃത ലോജിസ്റ്റിക്‌സ് ഇടനാഴിയുടെ ഭാഗമായാണിത്​. ഇതുപ്രകാരം, അംഗീകൃത ലോജിസ്റ്റിക്‌സ് ഇടനാഴിയിലൂടെ ചരക്കുകൾ കൊണ്ടുപോകുന്നതും ഖത്‌മത് മലാഹ, അൽ മദാം അതിർത്തി കവാടങ്ങൾ വഴി പ്രവേശിക്കുന്നതുമായ ട്രക്കുകൾക്ക് ഷാർജക്കുള്ളിലെ ടോൾ നിരക്കുകളിൽ ഇളവ് നൽകും. നിശ്ചിത പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്ന ഷിപ്പ്‌മെന്റുകൾക്ക്​ മാത്രമാണ് ഈ ആനുകൂല്യം​. ഭൂമിശാസ്ത്രപരമായി ഷാർജയുടെ തന്ത്രപ്രധാന സ്ഥാനവും സംയോജിത ഗതാഗത സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചരക്ക് നീക്കം സുഗമമാക്കുക, ലോജിസ്റ്റിക്‌സ്-ട്രാൻസ്‌പോർട്ട് കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറക്കുക, യു.എ.ഇയിലുടനീളം വേഗമേറിയതും കാര്യക്ഷമവുമായ ചരക്ക് നീക്കം സാധ്യമാക്കുക എന്നിവയാണ്​ ലക്ഷ്യം​.

ഒമാനിലെ സോഹാർ തുറമുഖത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ്​ ഖത്‌മത് മലാഹ അതിർത്തി കവാടം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് നീക്കം വേഗത്തിലാക്കാനും യാത്രാസമയം കുറയ്ക്കാനും നടപടി സഹായിക്കും. യു.എ.ഇയിലെ തുറമുഖങ്ങൾ, ഫ്രീ സോണുകൾ, വ്യവസായ കേന്ദ്രങ്ങൾ, വാണിജ്യ ഹബുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലയുമായി ഖത്‌മത് ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, പ്രധാന ഗതാഗത പാതകൾക്ക്​ കുറുകെ കടന്നുപോകുന്നതിനാൽ അൽ മദാം അതിർത്തി കവാടവും തന്ത്രപ്രധാന ലോജിസ്റ്റിക്സ് പാതയായി വർത്തിക്കുന്നു. മേഖലയിലുടനീളമുള്ള ഇറക്കുമതി, കയറ്റുമതി, പുനർ-കയറ്റുമതി പ്രവർത്തനങ്ങൾ സുഗമമാക്കുന്ന കര-സമുദ്ര ഗതാഗത ശൃംഖലകളെ വേഗത്തിലും കാര്യക്ഷമമായും പ്രയോജനപ്പെടുത്തൻ ഇത്​ സഹായിക്കുന്നു. ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിലെ മഹ്ദ ടൗണുമായുള്ള അൽ മദാമിന്റെ ബന്ധം ലോജിസ്റ്റിക് ഹബ്​ എന്ന നിലയിൽ കരുത്തുപകരുന്നു. 

Tags:    
News Summary - Sharjah waives tolls for trucks from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-24 06:28 GMT