ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലെ ദൃശ്യം
ഷാർജ: എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ വർണവിസ്മയങ്ങൾ തീർക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 14ാം എഡിഷന് തുടക്കം. ബുധനാഴ്ച ആരംഭിച്ച ഫെസ്റ്റിവൽ ഫെബ്രുവരി 23 വരെ നീണ്ടുനിൽക്കും. സുപ്രധാന കെട്ടിടങ്ങളിലും സ്ഥലങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് വർണവെളിച്ചത്തിന്റെ ഷോകൾ ആസ്വദിക്കാൻ കഴിയുക. ഫെസ്റ്റിവൽ ഉദ്ഘാടനത്തിന്റെ ഭാഗമായി ഷാർജ റിസർച്ച്, ടെക്നോളജി, ആൻഡ് ഇന്നൊവേഷൻ പാർക്കിൽ മനോഹരമായ ഷോ അരങ്ങേറി.
നിരവധി കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ‘ലൈറ്റ്സ് ഓഫ് യൂനിറ്റ്’ എന്ന തലക്കെട്ടിലാണ് സംഘടിപ്പിക്കുന്നത്. എല്ലാവർക്കും സൗജന്യമായി ലൈറ്റ് ഷോകൾ കാണാം. അതേസമയം, പ്രധാന ആകർഷണമായ ലൈറ്റ് വില്ലേജിലേക്കുള്ള പ്രവേശനത്തിന് 10 ദിർഹം പ്രവേശന ഫീസ് ഈടാക്കും. എസ്.ആർ.ടി.ഐ.പി, അൽ കൽബയിലെ അൽ ഹിഫൈയ്യ തടാകം, അൽ ജാദ, അൽ ഹീറ ബീച്ച് എന്നിവ ഇത്തവണ പുതുതായി ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങളാണ്. ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക്, അൽ റാഫിസ അണക്കെട്ട്, ഷാർജ മോസ്ക്, ബീഅ ആസ്ഥാനം, അൽ ദൈദ് കോട്ട, അൽ ഹംറിയ ന്യൂ ജനറൽ സൂഖ്, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ തയ്യാരി മോസ്ക്, യൂനിവേഴ്സിറ്റി സിറ്റി ഹാൾ എന്നിവയാണ് മറ്റു വേദികൾ.
ഷാർജ യൂനിവേഴ്സിറ്റി ഹാളിന് പുറത്ത് സ്ഥിതി ചെയ്യുന്ന ലൈറ്റ് വില്ലേജാണ് ഫെസ്റ്റിവലിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം. ഇവിടെ സ്പെഷാലിറ്റി കോഫി മുതൽ ഉയർന്ന റേറ്റിങ്ങുള്ള ബർഗർ സ്പോട്ടുകൾ വരെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ലഭിക്കുന്ന 50ലധികം ഫുഡ് ട്രക്കുകളുണ്ട്. മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 11 വയസ്സിന് താഴെയുള്ള കുട്ടികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ, 60 വയസ്സിന് മുകളിലുള്ള മുതിർന്നവർ എന്നിവർക്ക് സൗജന്യമായി പ്രവേശനം ലഭിക്കും. കൂടുതൽ തവണ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 120 ദിർഹമിന്റെ സീസൺ പാസുമുണ്ട്. ടിക്കറ്റുകൾ ഓൺലൈനിലും വില്ലേജിന്റെ കവാടത്തിലും ലഭിക്കും.
ഫെസ്റ്റിവലിന്റെ ജനപ്രീതി കണക്കിലെടുത്ത് ടിക്കറ്റ് വാങ്ങുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കുന്നതിന് രണ്ട് പ്രവേശന കവാടങ്ങൾ സ്ഥാപിക്കുമെന്ന് ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയിലെ പി.ആർ ആൻഡ് മീഡിയ റിലേഷൻസ് മേധാവി ആലിയ അൽസൗഖി പറഞ്ഞു. സന്ദർശകർക്ക് വാലറ്റ്, സൗജന്യ പാർക്കിങ് ഓപ്ഷനുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.