ഷാർജ ഇന്ത്യൻ സ്കൂൾ കെ.ജി പ്രവേശനത്തിന്റെ നറുക്കെടുപ്പ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ
തളങ്കര നിർവഹിക്കുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി ക്ലാസിലേക്കുള്ള അഡ്മിഷന് ഇക്കുറിയും വൻതിരക്ക്.
അപേക്ഷകരുടെ വർധന കാരണം നറുക്കെടുപ്പിലൂടെയാണ് പ്രവേശനത്തിന് കുട്ടികളെ തിരഞ്ഞെടുത്തത്.
1500ലേറെ അപേക്ഷകളാണ് ഇത്തവണ കെ.ജിയിലേക്ക് ലഭിച്ചതെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു. ഇതോടെയാണ് മുൻ വർഷങ്ങളിലെപ്പോലെ പ്രവേശനത്തിന് നറുക്കെടുപ്പ് ഏർപ്പെടുത്തിയത്. 1057 സീറ്റുകളാണ് കെ.ജി ക്ലാസുകളിലുള്ളത്.
ഗൾഫ് റോസ് നഴ്സറിയിൽ നിന്നുള്ള 300 കുട്ടികൾ, സ്കൂളിൽ നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ, സ്റ്റാഫംഗങ്ങളുടെ മക്കൾ എന്നിവർക്ക് പ്രവേശനം അനുവദിച്ച ശേഷം ഒഴിവുവന്ന സീറ്റുകളിലേക്കായിരുന്നു നറുക്കെടുപ്പ്. രക്ഷിതാക്കൾക്കൊപ്പമെത്തിയ രണ്ട് കുഞ്ഞുങ്ങളാണ് ഞായറാഴ്ച നടന്ന നറുക്കെടുപ്പിന് തുടക്കം കുറിച്ചത്.
സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിച്ചായിരുന്നു നറുക്കെടുപ്പ്.
ഷാർജ ഇന്ത്യൻ സ്കൂൾ കെ.ജി പ്രവേശനത്തിന്റെ നറുക്കെടുപ്പിന് എത്തിയ രക്ഷിതാക്കൾ
ഇരട്ടക്കുട്ടികളായവരിൽ ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടു പേർക്കും പ്രവേശനാനുമതി ലഭിക്കുമെന്നതാണ് വ്യവസ്ഥ.
ചില ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുകയും ചെയ്തു. നൂറൂകണക്കിന് രക്ഷിതാക്കൾ രാവിലെ മുതൽ ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിലെ നറുക്കെടുപ്പിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, അനീഷ് എൻ.പി, എ.വി. മധുസൂദനൻ, സജി മണപ്പാറ, ജെ.എസ്. ജേക്കബ്, സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ എന്നിവർ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു.
പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസ്റുദ്ദീൻ, ഹെഡ്മിസ്ട്രസുമാരായ ഡെയ്സി റോയ്, താജുന്നിസ ബഷീർ, കെ.ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ, മലീഹാ ജുനൈദി, കെ.ജി ടു സൂപ്പർവൈസർ മംമ്താ ഗോജർ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.