ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷ ചടങ്ങിൽ അതിഥികളും അസോസിയേഷൻ ഭാരവാഹികളും
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഷാർജ എക്സ്പോ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ആയിരക്കണക്കിനാളുകൾക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി. ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് തുടങ്ങി നിരവധി കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഘോഷയാത്ര നടന്നത്. അൽ-ഇബ്തിസാമ സ്പെഷൽ നീഡ് സ്കൂളിലെ കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരവും നടന്നു. സാംസ്കാരിക സംഘടനയായ മാസ് പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. എമിറേറ്റ്സ് മലയാളി അസോസിയേഷൻ, യുവകലാസാഹിതി എന്നീ സംഘടനകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വൈവിധ്യമാർന്ന ഉൽപന്നങ്ങളും അനുഭവങ്ങളുമായി നിരവധി സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. പ്രോജക്ട് മലബാറിക്കസ് സംഗീത വിരുന്നൊരുക്കി. വിവിധ സംഘടനകളുടെയും വിവിധ ഷാർജ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളുടെയും നൃത്തപരിപാടികളും മറ്റു കലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പൊതുസമ്മേളനത്തിൽ അസോസിയേഷന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. അസോസിയേഷന്റെ സോവനീർ പ്രകാശനവും, എജ്യൂബ്രിസ്ക് ലേർണിങ് പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ലോഞ്ചും നടന്നു. സ്കൂൾ ബസുകളിലും സ്കൂൾ കാമ്പസിലും സ്കൂൾ വിദ്യാർഥികളുടെ ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന നൂതന സാങ്കേതിക സംവിധാനമായ ആർ.എഫ്.ഐ.ഡി സിസ്റ്റത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.