ഷാർജ: ഷാർജയിൽ പിഞ്ചുകുഞ്ഞ് ഗോവണിയുടെ ജനാല വഴി താഴേക്ക് വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ കുടുംബങ്ങളെ അധികൃതർ ചോദ്യം ചെയ്തുവരുന്നതായി അവരെ സഹായിക്കുന്ന അഭിഭാഷക വ്യക്തമാക്കി. അയൽവാസികളായ 11 വയസ്സുള്ള പെൺകുട്ടികളോടൊപ്പം കളിച്ചതിന് തൊട്ടുപിന്നാലെ, കോണിപ്പടിക്ക് സമീപത്തുനിന്ന് താഴേക്ക് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ട് ഇന്ത്യൻ കുടുംബങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. റസിഡൻഷ്യൽ ടവറിലെ കോണിപ്പടിക്ക് സമീപത്തുനിന്ന് പാകിസ്ഥാൻ സ്വദേശിയായ കുഞ്ഞ് താഴേക്ക് വീണ് മരിച്ച ദിവസം തന്നെയാണ് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള കുടുംബങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതെന്ന് അഡ്വ. പ്രീത ശ്രീറാം മാധവ് ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. മലയാളി കുടുംബം കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്.
കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതിന് തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുന്നതിനായി അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കുഞ്ഞ് തന്‍റെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടക്കുകയും, തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലെ കോണിപ്പടിക്ക് സമീപമുള്ള വിടവിലൂടെ താഴേക്ക് വീഴുകയുമായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നത്. ദുരന്തം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ രണ്ട് ഇന്ത്യൻ കുടുംബങ്ങളിലെയുമുള്ള പെൺകുട്ടികൾ കുഞ്ഞിനൊപ്പം കളിക്കുന്നുണ്ടായിരുന്നുവെന്ന് പ്രീത പറയുന്നു. മൂന്ന് കുടുംബങ്ങളും ഷാർജയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ അയൽക്കാരാണ്.
കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ശിശുസംരക്ഷണ അധികാരികളുമായും പബ്ലിക് പ്രൊസിക്യൂഷനുമായും ചേർന്ന് എല്ലാ നിയമപരമായ നടപടികളും പാലിക്കുന്നുണ്ടെന്നും മുതിർന്ന ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ ഖലീജ് ടൈംസിനോട് പറഞ്ഞു. ‘കുട്ടി എങ്ങനെയാണ് കോണിപ്പടിക്ക് സമീപമുള്ള ഭാഗത്തേക്ക് എത്തിയതെന്നും, അവിടെ നിലവിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണോ എന്നും നിർണയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സാക്ഷികളെ ചോദ്യം ചെയ്യുകയും കെട്ടിടത്തിന്‍റെ ഘടന പരിശോധിക്കുകയും ചെയ്യും’.
യു.എ.ഇ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് അവരുടെ മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തം. അതുകൊണ്ടാണ് കുടുംബങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് അഡ്വ. പ്രീത ചൂണ്ടിക്കാട്ടി. ‘പെൺകുട്ടികൾ ഇരുവർക്കും 11 വയസ്സിൽ താഴെയാണ് പ്രായം എന്നതിനാൽ, അവരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്’ -അവർ പറഞ്ഞു. മാതാപിതാക്കൾ എപ്പോഴും ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ സുരക്ഷയിലും അവരെ വളർത്തുന്നതിലും അതീവ ശ്രദ്ധ ചെലുത്തണമെന്നും പ്രീത നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.