80 കി.മീറ്ററിൽ പുതിയ ഷാർജ-അബൂദബി റോഡ്; 72 പാലവും 17 ടണലുമായി 12 വരിപ്പാത; ‘ഫോർത്ത്​ കോറിഡോർ’ എന്ന വമ്പൻ പദ്ധതിയുമായി ദുബൈ

ദുബൈ: ഷാർജ-അബൂദബി അതിർത്തികളെ ബന്ധിപ്പിച്ച് ദുബൈ വൻ റോഡ് പദ്ധതി പ്രഖ്യാപിച്ചു. 80 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ഈ 12 വരി പാത, അബൂദബിക്കും ഷാർജക്കുമിടയിലെ യാത്രാസമയം 60 ശതമാനം കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂദബിയിലെ അൽ ഫയാ റോഡ് മുതൽ ഷാർജയിലെ അൽ ഷാനൂഫ് റോഡ് വരെയാണ്​ ഏകദേശം 80 കിലോമീറ്റർ നീളത്തിൽ ഈ റോഡ് നിർമിക്കുന്നത്.

ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് (നിലവിലെ E11, E311, E611 എന്നീ ഹൈവേകൾ) എന്നിവക്കുശേഷം എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാലാമത്തെ സുപ്രധാന പാതയാണിത്. 80 കിലോമീറ്റർ നീളത്തിൽ ഇരു ദിശയിലേക്കുമായി 12 ലൈനുകൾ ഈ റോഡിനുണ്ടാകും. മണിക്കൂറിൽ 24,000 വാഹനങ്ങൾക്ക് കടന്നുപോകാം.

രണ്ട് ഘട്ടങ്ങളിലായാണ്​ ഈ വൻകിട പദ്ധതി പൂർത്തിയാക്കുക. 72 പാലങ്ങൾ, 17 തുരങ്കങ്ങൾ, 45 മഴവെള്ള ഓടകൾ എന്നിവ ഉൾപ്പെടുന്നു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ഇത്തിഹാദ് റെയിൽ, അൽ മർമൂം, അൽ വഹൂശ്​ മരുഭൂമി സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്.


ചരക്കുനീക്കവും വാണിജ്യ ഗതാഗതവും സുഗമമാക്കുന്നതിനും ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ നഗരമധ്യത്തിൽ നിന്ന് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ദുബൈ റോഡ് ശൃംഖല ശക്തമാക്കുന്നതിനും മറ്റ് എമിറേറ്റുകളുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ‘ന്യൂ ഫോർത്ത് കോറിഡോർ' പദ്ധതിക്ക് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി.

പദ്ധതിയുടെ ഒന്നാം ഘട്ടം ഷാർജയിലെ അൽ ശനൂഫ് റോഡ് മുതൽ ദുബൈ-അൽ ഐൻ റോഡ് വരെ 30 കിലോമീറ്റർ ദൂരത്തിലാണ് നിർമിക്കുന്നത്. ഏകദേശം 350 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തിൽ ഇരുദിശകളിലുമായി 12 ലൈനുകൾ ഉണ്ടാകും. മണിക്കൂറിൽ 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാത വഴി യാത്രാ സമയം നിലവിലെ 35 മിനിറ്റിൽ നിന്ന് 14 മിനിറ്റായി (60 ശതമാനം) കുറയും. ആറ് ലക്ഷത്തോളം പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.


പദ്ധതിയുടെ രണ്ടാം ഘട്ടം ദുബൈ-അൽ ഐൻ റോഡ് മുതൽ അബൂദബിയിലെ അൽ ഫയാ റോഡ് വരെ 50 കിലോമീറ്റർ ദൂരത്തിലാണ്​. ഒന്നാം ഘട്ടത്തിലേതുപോലെ 12 ലൈനുകളുള്ള ഈ ഭാഗത്തിനും മണിക്കൂറിൽ 24,000 വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുണ്ടാകും. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 24 മിനിറ്റായി (52 ശതമാനം) കുറയും. ഏകദേശം 31 ലക്ഷം പേർക്ക് ഈ ഘട്ടം നേരിട്ട് പ്രയോജനം ചെയ്യും.

ദുബൈയുടെ വികസനവും ഭാവി ആവശ്യങ്ങളും മുൻകൂട്ടി കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ശൈഖ്​ ഹംദാൻ വ്യക്തമാക്കി. ‘ദുബൈ സോഷ്യൽ അജണ്ട 33’, ‘ദുബൈ ഇക്കണോമിക് അജണ്ട ഡി33’ എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ആർ.ടി.എ (ആർ.ടി.എ) ഡയറക്ടർ ജനറൽ മത്താർ അൽ തായർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sharjah-Abu Dhabi Fourth Corridor project by Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.