റദ്ദാക്കിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്തും
ദുബൈ: യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക സംഘർഷങ്ങൾ കാരണം പരീക്ഷ എഴുതാൻ സാധിക്കാതെ പോയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തും. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സി.ബി.എസ്.ഇ അപൂർവ തീരുമാനമെടുത്തത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന പരീക്ഷയിൽ യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ റദ്ദാക്കപ്പെട്ട 40 വിഷയങ്ങളിലാണ് (20 അക്കാദമിക് വിഷയങ്ങളും 20 തൊഴിൽ അധിഷ്ഠിത വിഷയങ്ങളും) വീണ്ടും പരീക്ഷ നടക്കുന്നത്. വിദ്യാർഥികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം. അന്ന് പരീക്ഷ തടസ്സപ്പെട്ടതിനെ തുടർന്ന് പ്രത്യേക അസസ്‌മെന്‍റ് സ്കീം വഴി വിലയിരുത്തിയാണ് മെയ് മാസത്തിൽ വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചിരുന്നത്. ഈ മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിട്ടത്.
അസസ്‌മെന്‍റ് സ്കീം വഴി ഫലം ലഭിച്ച റെഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാൽ, മുമ്പ് നടന്ന പരീക്ഷക്ക് ഹാജരാകാതിരുന്നവർക്കും പുതിയ അപേക്ഷകർക്കും ഇതിൽ പങ്കെടുക്കാനാവില്ല. ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമ മാർക്കായി കണക്കാക്കുക. പുനഃപരീക്ഷക്ക് പ്രത്യേകം ഫീസ് ഈടാക്കില്ല. മുമ്പത്തെ അതേ പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയാണ് പരീക്ഷ നടക്കുകയെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് സെപ്റ്റംബർ 22 മുതൽ 26 വരെ സി.ബി.എസ്.ഇ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒരു കാരണവശാലും അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകില്ല. അപേക്ഷാ നടപടികൾ പൂർത്തിയായ ശേഷം പരീക്ഷാ തീയതിയും സമയക്രമവും സി.ബി.എസ്.ഇ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.