ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിൽ നിക്ഷേപം നടത്താൻ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
ദുബൈ: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ദുബൈ അൽ മൻഖൂലിൽ സ്ഥിതി ചെയ്യുന്ന ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിൽ (ഐ.എം.എച്ച്) നിക്ഷേപം നടത്താൻ അൽ തൗഫീഖ് ഫോർ ഡെവലപ്മെന്‍റ് ആൻഡ് ഇൻവെസ്റ്റ്മെന്റുമായി കരാറിലെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇ ആരോഗ്യ സംരക്ഷണ മേഖലയിൽ 100 കോടിയിലധികം ദിർഹം നിക്ഷേപിക്കുന്നതിനുള്ള ആസ്റ്ററിന്‍റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.
ആവശ്യമായ നിയന്ത്രണ അംഗീകാരങ്ങൾക്ക് വിധേയമായി പൂർത്തിയാകുന്ന ഈ ഇടപാടോടെ, ഗ്രൂപ്പിന് കീഴിൽ യു.എ.ഇയിലുള്ള ആശുപത്രികളുടെ എണ്ണം 11 ആയി മാറും. നിലവിലുള്ള 399 കിടക്കകളിലേക്ക് 116 കിടക്കകളും 39 ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകളും കൂടി ചേരുന്നതോടെ രാജ്യത്തെ മുൻനിര ആരോഗ്യ പരിരക്ഷാ ദാതാക്കളെന്ന നിലയിൽ ആസ്റ്ററിന്‍റെ സ്ഥാനം കൂടുതൽ ശക്തമാകും. ഇത് യു.എ.ഇയിലെ ആസ്റ്റർ ശൃംഖലയിലെ ആറാമത്തെ ആശുപത്രിയാണ്.
ദുബൈയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനും ലോകോത്തര ആരോഗ്യ സംരക്ഷണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഈ നിക്ഷേപം സഹായിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ജി.സി.സി ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പനും വ്യക്തമാക്കി. ആസ്റ്ററിന്‍റെ സാങ്കേതികവിദ്യയും ക്ലിനിക്കൽ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
2005 ൽ സ്ഥാപിതമായതും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തതുമായ, ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റൽ, ദുബൈയിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കി പ്രശസ്തി നേടിയ സ്ഥാപനമാണെന്ന് ഐദ്റൂസ് പറഞ്ഞു.
2005ൽ സ്ഥാപിതമായ ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിന്‍റെ പേരും സേവന പാരമ്പര്യവും സംരക്ഷിച്ചുകൊണ്ടുതന്നെ, പ്രവർത്തന മികവും സേവന ഗുണനിലവാരവും ഉയർത്താൻ ഈ പങ്കാളിത്തം സഹായിക്കും. ആസ്റ്ററിന്‍റെ വിപുലമായ ശൃംഖലയും ഡിജിറ്റൽ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനൊപ്പം ദുബൈ സോഷ്യൽ അജണ്ട 33ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നീക്കം പിന്തുണ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.