ഡീപ് ഫെയ്ക് വിഡിയോ കണ്ടെത്താന്‍ പശ്ചിമേഷ്യയിലെ ആദ്യ എ.ഐ മോഡലുമായി ദുബൈ

ദുബൈ: വ്യാജ വീഡിയോകള്‍ തിരിച്ചറിയാന്‍ പശ്ചിമേഷ്യയിലെ ആദ്യത്തെ നിര്‍മിത ബുദ്ധി (എ.ഐ) മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്‍റര്‍. ‘സറാബ്’ എന്ന ഈ സംവിധാനം വീഡിയോകള്‍ വിശദമായി സ്‌കാന്‍ ചെയ്യുകയും, ഡീപ് ഫെയ്ക് ചെയ്യപ്പെട്ട മുഖത്തിന്‍റെ പ്രത്യേക ഭാഗങ്ങള്‍ ഹീറ്റ് മാപ്പ് ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തി കാണിച്ചുതരികയും ചെയ്യും.

ദുബൈ എക്‌സ്‌പോ സിറ്റിയിലെ എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്നുദിവസത്തെ സൈബര്‍ സുരക്ഷാ പ്രദര്‍ശനവും സമ്മേളനവുമായ ജിസെക് ഗ്ലോബലിന്‍റെ ആദ്യ ദിനത്തിലാണ് പ്രഖ്യാപനം. സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് സര്‍വീസസ് സെക്ടര്‍ സി.ഇ.ഒ അമീര്‍ ഷറഫാണ് ജിസെക് ഗ്ലോബല്‍ വേദിയില്‍ ‘സറാബ്’ പ്രഖ്യാപിച്ചത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണെങ്കിലും അതിന്‍റെ മുഴുവന്‍ സമയവും വിശകലനം ചെയ്യപ്പെടും. ഒരുപക്ഷേ, അവസാനത്തെ 30 സെക്കന്‍ഡ് മാത്രമാണ് ഡീപ് ഫെയ്ക് ചെയ്തിരിക്കുന്നതെങ്കില്‍ പോലും ആ ഭാഗം മോഡല്‍ കൃത്യമായി കണ്ടെത്തി വിശകലനം ചെയ്യുമെന്ന് ഡി.ഇ.എസ്.സിയിലെ സീനിയര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എക്‌സിക്യൂട്ടീവ് ഹസന്‍ മജീദ് അല്‍ഖസ്‌റജി വ്യക്തമാക്കി.

ഈ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങുന്ന മോഡലിന് 91 ശതമാനമാണ് കൃത്യത നിരക്ക്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൃത്യതയുള്ള സംവിധാനങ്ങളില്‍ ഒന്നാണിത്. അറബ് മേഖലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം വികസിപ്പിച്ചെടുക്കുന്ന ആദ്യത്തെ മോഡല്‍ കൂടിയാണിത്. ഉപയോക്താക്കള്‍ക്ക് സോഴ്‌സ് കോഡ് കാണാനും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനും സാധിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്ഫോമായ ‘ഹഗ്ഗിങ് ഫെയ്‌സി’ലാണ് സറാബ് തയാറാക്കുക.

സൈബര്‍ സുരക്ഷാ മേഖലയിലെ പ്രൊഫഷനലുകള്‍ക്കായി യോഗ്യതകള്‍, സര്‍ട്ടിഫിക്കേഷനുകള്‍, പരിശീലന വഴികള്‍, കരിയര്‍ വളര്‍ച്ച എന്നിവക്കുള്ള പൊതുവായ റഫറന്‍സ് നല്‍കുന്ന ദുബൈ സൈബര്‍ സ്‌കില്‍സ് ഫ്രെയിംവര്‍ക്ക്’ ജിസെക് വേദിയില്‍ ഡി.ഇ.എസ്.സി. അവതരിപ്പിച്ചു. സൈബര്‍ സുരക്ഷാ വിദഗ്ധര്‍, തൊഴിലുടമകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പരിശീലന ദാതാക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ഫ്രെയിംവര്‍ക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.

കൃത്യമായ ശാസ്ത്ര വ്യവസ്ഥകളോടെ വിവര സാങ്കേതിക സുരക്ഷ വിലയിരുത്താന്‍ ഓഡിറ്റര്‍മാരെയും വിവര സുരക്ഷാ പ്രൊഫഷനലുകളെയും പ്രാപ്തരാക്കുന്ന ഐ.എസ്.ആര്‍. ഓഡിറ്റര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം സെന്‍റര്‍ അവതരിപ്പിക്കുന്നുണ്ട്. ഓഡിറ്റിങ്ങിന്‍റെ പ്രായോഗിക വശങ്ങളിലും തെളിവ് വിലയിരുത്തലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി അബൂദബിയിലും ദുബൈയിലുമടക്കം ഈ രംഗത്തെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കും.

മാറ്റങ്ങളെ മുന്‍കൂട്ടി കാണുന്നതിലും വെല്ലുവിളികളെ നവീകരണത്തിനും പുരോഗതിക്കുമുള്ള അവസരങ്ങളാക്കി മാറ്റുന്നതിലും ദുബൈ മാതൃക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്‍റര്‍ ചീഫ് എക്‌സിക്യൂട്ടീവ് യൂസുഫ് ഹമദ് അല്‍ ശൈബാനി പറഞ്ഞു.

Tags:    
News Summary - Dubai launches first AI model in the Middle East to detect deepfake videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.