സെപ നാലുമാസം പിന്നിട്ടു; ഇന്ത്യയിൽനിന്ന് കയറ്റുമതിയിൽ 14 ശതമാനം വർധന

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) നാലുമാസം പിന്നിടുമ്പോൾ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് എണ്ണയിതര കയറ്റുമതിയിൽ 14.5 ശതമാനത്തിന്‍റെ വാർഷിക വർധനവാണുണ്ടായത്. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവിട്ടത്. മേയ് ഒന്നുമുതലാണ് സെപ യാഥാർഥ്യമായതെങ്കിലും ആദ്യത്തെ ഒരുമാസം പരീക്ഷണ കാലയളവ് ആയതിനാൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ജൂൺ മുതൽ ആഗസ്റ്റ് വരെ 5.92 ശതകോടി ഡോളറിന്‍റെ കയറ്റുമതിയാണ് നടന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.17 ശതകോടി ഡോളറായിരുന്നു കയറ്റുമതി. ഈ കാലയളവിൽ ആഗോളതലത്തിൽ ഇന്ത്യയുടെ എണ്ണയിതര കയറ്റുമതി മൂന്നുശതമാനം ഉയർന്നിരുന്നു. ഇതിന്‍റെ മൂന്നിരട്ടിയാണ് യു.എ.ഇയിലേക്കുള്ള കയറ്റുമതി വളർച്ച. ഇന്ത്യയിലേക്ക് യു.എ.ഇയിൽനിന്നുള്ള ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.56 ശതകോടി ഡോളറായിരുന്നെങ്കിൽ പുതിയ റിപ്പോർട്ടനുസരിച്ച് 5.61 ശതകോടി ദിർഹമായി ഉയർന്നു.

അഞ്ചുവർഷത്തിനുള്ളിൽ ശതകോടി ബില്യൺ ഡോളർ എണ്ണയിതര ഇടപാട് ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എ.ഇയും കരാറിൽ ഒപ്പുവെച്ചത്. ഇറക്കുമതി തീരുവയിൽ ഇളവ് നൽകുന്നതടക്കം തീരുമാനങ്ങൾ ഈ കരാറിലുണ്ടായിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായ മേഖലക്ക് ഗുണം ചെയ്യുന്ന കരാർ വഴി യു.എ.ഇയുടെ ജി.ഡി.പിയിൽ 1.7 ശതമാനം വളർച്ചയുണ്ടാക്കുമെന്ന് കരുതുന്നു. ഇന്ത്യക്കുപുറമെ ഇസ്രായേൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും യു.എ.ഇ സെപ കരാർ ഒപ്പുവെച്ചിട്ടുണ്ട്. തുർക്കിയയുമായി വൈകാതെ ഒപ്പുവെക്കും.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ആകെ 44 ശതമാനം വർധനവുണ്ടായതായി കഴിഞ്ഞ ദിവസം ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻസ് അറിയിച്ചിരുന്നു. മുൻവർഷം 2780 കോടി ഡോളറായിരുന്നെങ്കിൽ 2021-22 സാമ്പത്തിക വർഷം 4390 കോടിയായി ഉയർന്നു. ഇതിൽ പകുതിയും യു.എ.ഇയിലേക്കായിരുന്നു. 2800 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് യു.എ.ഇയിലേക്കുണ്ടായത്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 1670 ഡോളറായിരുന്നു. സൗദിയിലേക്ക് 49 ശതമാനം, ഖത്തർ 43 ശതമാനം, ഒമാൻ 33 ശതമാനം, കുവൈത്ത് 17 ശതമാനം, ബഹ്റൈൻ 70 ശതമാനം എന്നിങ്ങയെനാണ് കയറ്റുമതി വർധന.

Tags:    
News Summary - Sepa passed four months; 14 percent increase in exports from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.