റാസല്‍ഖൈമയില്‍ സുരക്ഷാ ജീവനക്കാര്‍ ഇനി ജീവന് രക്ഷാദൗത്യം നടത്തുന്ന 'സൂപ്പര്‍ ഹീറോകള്‍'. പ്രഥമ ശുശ്രൂഷ നല്കി പരമാവധി ജീവന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റലാണ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് റാസല്‍ഖൈമയില്‍ ബി.എല്‍.എസ് അംഗീകൃത പരിശീലനം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 100 സെക്യൂരിറ്റി ഗാര്‍ഡുകള്‍ റാക് ഹോസ്പിറ്റലിന് കീഴില്‍ സി.എം.ആര് പരിശീലനം പൂര്‍ത്തിയാക്കിയതായി റാക് ഹോസ്പിറ്റല്‍ എക്സി. ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ മുന്‍കൈയില്‍ യു.എ.ഇയില്‍ ആദ്യമായാണ് സൗജന്യ പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കുന്നത്.
ആശുപത്രിക്ക് പുറത്ത് ഹൃദയാഘാതം സംഭവിക്കുന്ന 10 പേരില്‍ ഒമ്പതു പേരും മരണപ്പെടുന്നതായാണ് കണക്കുകള്‍. എന്നാല്‍, ഉടനടിയുള്ള പ്രഥമ ശുശ്രൂഷ അവരുടെ അതിജീവന സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിപ്പിക്കും. യു.എ.ഇയിലുടനീളം സേവനമനുഷ്ഠിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് ഈ മേഖലയില്‍ ഏറെ ചെയ്യാന്‍ കഴിയും. അടിയന്തിര സാഹചര്യങ്ങളില്‍ ആദ്യം പ്രതികരിക്കാന്‍ ഏറ്റവും അനുയോജ്യരാണ് അവര്‍. ശരിയായ രീതിയിലുള്ള പരിശീലനമാണ് അവര്‍ക്ക് നല്‍കേണ്ടത്. റാക് ഹോസ്പിറ്റല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കുന്നതെന്നും റാസാ സിദ്ദീഖി വ്യക്തമാക്കി.
പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലൂടെ പരിക്കുകള്‍ മൂലമുള്ള 80 ശതമാനം മരണങ്ങളും തടയാന്‍ കഴിയുമെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഡോ. ജീന്‍ എം. ഗൗര്‍ പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ വ്യക്തിയോടുള്ള പ്രതികരണ സമയമാണ് പ്രധാനം. ഓരോ സെക്കന്റും വിലപ്പെട്ടതാണ്. പ്രതികരിക്കുന്ന വ്യക്തികള്‍ക്ക് ഈ രംഗത്ത് ശരിയായ അവബോധവും പരിശീലനവും നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് മഹത്തായ ജീവകാരുണ്യ പ്രവൃത്തിയാണ്. പ്രഥമ ശുശ്രൂഷ ശരിയായ ദിശയില്‍ ചെയ്തില്ലെങ്കില്‍ രോഗി അപകടത്തില്‍പ്പെടും. 50 വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദയാഘാതവും ഹൃദ്രോഗവും ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഹൃദയാഘാതത്തിന് ശേഷമുള്ള ആദ്യ മണിക്കൂറിലെ ചികില്‍സ നിര്‍ണായകമാണെന്നും ഗൗര്‍ തുടര്‍ന്നു.
റാസല്‍ഖൈമയില്‍ തുടക്കമിട്ട പദ്ധതി യു.എ.ഇയിലുടനീളം വ്യാപിപ്പിക്കുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ പ്രാക്ടീസ് ആന്റ് ലൈസന്‍സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന് ഹുസൈന് അല്‍ അമീരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.