ദുബൈ: 2025-26 അധ്യയനവർഷത്തെ സെക്കൻഡ് ടേമിലേക്ക് രാജ്യത്തെ 11 ലക്ഷം വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളിലെത്തും. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെല്ലാം ശൈത്യകാല അവധിക്ക് ശേഷം വീണ്ടും അധ്യയനം പുനരാരംഭിക്കുകയാണ്. അംഗീകൃത അക്കാദമിക് കലണ്ടർ അനുസരിച്ച്, രണ്ടാം ടേമിൽ 69 ദിവസങ്ങൾ ഉണ്ടാകും. ഇതിൽ 47 ദിവസത്തെ ക്ലാസ് റൂം ഇൻസ്ട്രക്ഷൻ, 19 ആഴ്ച വാരാന്ത്യ ദിവസങ്ങൾ, മിഡ്ടേം ബ്രേക്കിനായി അനുവദിച്ച മൂന്ന് ദിവസങ്ങൾ എന്നിവ ഉൾപ്പെടും. അവധി കഴിഞ്ഞെത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂളുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഡിസംബർ എട്ട് മുതലാണ് വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിച്ചത്. ചില വിദ്യാലയങ്ങളിൽ രണ്ടാഴ്ച മാത്രമായിരുന്നു അവധി. ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷമാണ് 2026ലെ ആദ്യ അധ്യയനദിനത്തിനായി വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. ഏഷ്യൻ വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകളുടെയും പഠനപ്രവർത്തനങ്ങളുടെയും കാലമാണ് വരാനിരിക്കുന്നത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്തമാസത്തിലാണ് നടക്കുക. ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ ജനുവരിയിൽ തന്നെ തുടങ്ങുന്നുണ്ട്. കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ മാർച്ചിലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകളും മാർച്ച് മാസത്തിലാണ് നടക്കുക.
യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും രണ്ടാംപാദത്തിന്റെ ആരംഭമാണ് നാളെ. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ വാർഷിക പരീക്ഷകൾക്ക് ശേഷവും യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും രണ്ടാം പാദത്തിന് ശേഷവും മാർച്ച് പകുതിയോടെ വസന്തകാല അവധിക്കായി അടക്കും. രാജ്യത്തെ സ്കൂളുകളുടെ വെള്ളിയാഴ്ചയിലെ പ്രവൃത്തിസമയത്തിൽ പ്രഖ്യാപിച്ച മാറ്റം ഈ ആഴ്ച മുതൽ നടപ്പാക്കും.
അടുത്ത വെള്ളിയാഴ്ച (ജനുവരി ഒമ്പത്) മുതലാണ് പരിഷ്കരിച്ച സമയം സ്കൂളുകളിൽ നടപ്പാക്കുക. രാജ്യത്ത് ജുമുഅ പ്രാർഥന സമയം ഉച്ച 12.45 ആയി ഏകീകരിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തി സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.