ദുബൈ: രാജ്യത്തെ സ്കൂളുകളിൽ ഏതൊക്കെ നിർമിതബുദ്ധി (എ.ഐ) ആപ്ലിക്കേഷനുകൾ ഉപയോഗിക്കാമെന്നതിൽ വ്യക്തത വരുത്തി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം. ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയുള്ള നാല് പ്രധാന പ്ലാറ്റ്ഫോമുകളുടെ നിയന്ത്രിത ഉപയോഗത്തിനാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ തലമുറയിൽ ഏറ്റവും ജനകീയമായി മാറിയിരിക്കുന്ന ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്, ഗൂഗിളിന്റെ ജെമിനി, ആന്ത്രോപ്പികിന്റെ ക്ലൗഡ് എന്നിവയാണ് ഈ നാല് ആപ്ലിക്കേഷനുകൾ. അധ്യാപന ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷനുകൾ എന്ന നിലയിലാണ് ഈ നാല് എ.ഐ ജനറേറ്റീവ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിന് മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. ക്ലാസ് മുറികളിൽ സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിയമ ചട്ടക്കൂടിനും മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്.
ആഗോള തലത്തിൽ സ്കൂളുകൾ വിദ്യാഭ്യാസ രീതികളിൽ നിർമിത ബുദ്ധിയെ കൂടുതൽ സംയോജിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ സാധ്യതകൾക്കൊപ്പം അക്കാദമികമായ സമഗ്രത, സ്വകാര്യത, ഡിജിറ്റൽ സാക്ഷരത എന്നിവയിൽ ഉയരുന്ന ആശങ്കകളും പരിഗണിച്ചാണ് മന്ത്രാലയം പുതിയ നയം രൂപപ്പെടുത്തിയത്. വിദ്യാർഥികളെ ഗവേഷണം, വിശകലനം, പ്രശ്നപരിഹാര കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിലൂടെ അധ്യാപനത്തെ പിന്തുണക്കാൻ പുതിയ പ്ലാറ്റ്ഫോമുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം കൂടുതൽ സംവേദനാത്കവും വ്യക്തിപരവുമായ പഠന അനുഭവം രൂപകൽപന ചെയ്യാൻ നാല് എ.ഐ പ്ലാറ്റ്ഫോമുകൾ അധ്യാപകരെ പ്രാപ്തരാക്കും.
അതേസമയം, പരമ്പരാഗത വിദ്യാഭ്യാസ രീതികളെ മാറ്റിസ്ഥാപിക്കുന്നതിനുപകരം അവയെ കൂടുതൽ മെച്ചപ്പെടുത്താനാണ് ഈ ഉപകരണങ്ങൾ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ദ്രുതഗതിയിലുള്ള ആഗോള സാങ്കേതിക മാറ്റത്തിനും ഡിജിറ്റൽ ഭാവിക്കായി വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അനുസൃതമായി പ്രവർത്തിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കൃത്യമായ ധാർമിക, നിയന്ത്ര പരിധികൾക്കകത്ത് നിന്നുകൊണ്ട് മാത്രമേ എ.ഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ അനുവദിക്കൂവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. എങ്കിലും 13വയസ്സിൽ താഴേയുള്ള വിദ്യാർഥികൾ ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണം തുടരും. 13വയസ്സിന് താഴെയും ഗ്രേഡ് ഏഴിന് മുമ്പ് അഡ്മിഷൻ നേടുന്നവർക്കും എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം. ചെറിയ കുട്ടികളെ മോശം പ്രവണതകളിൽ നിന്ന് സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രഹസ്യസ്വഭാവമുള്ള സ്കൂൾ മെറ്റീരിയലുകൾ കൈക്കലാകുന്നത്, ക്ലാസ് മുറിയിലെ ഇടപെടലുകൾ റെക്കോർഡ് ചെയ്യാനും പകർത്താനും എ.ഐ ഉപയോഗിക്കുന്നത്, ക്ലാസ് മുറിയിൽ അംഗീകാരമില്ലാത്ത ജനറേറ്റിവ് എ.ഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത്, ഔദ്യോഗികമായി അംഗീകാരമില്ലാത്ത സേവനങ്ങൾ ആക്സസ് ചെയ്യുന്നത്, സ്കൂൾ സൈബർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കുന്നത്, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ(വി.പി.എൻ) ഉപയോഗിക്കുന്നത് എന്നിവയെല്ലാം കർശനമായി വിലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.