ദുബൈ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യു.എ.ഇയിലെ സ്കൂളുകൾക്കും മികച്ച വിജയം. ഗൾഫ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 വരെ മാത്രമാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പരീക്ഷ നടന്നത്. തുടർന്നുള്ള പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. നടന്ന പരീക്ഷകളിലെ മാർക്കും മുൻ ടേമുകളിലെ പ്രകടനവും വിലയിരുത്തിയാണ് മൂല്യനിർണയം നടത്തിയത്. എന്നാൽ, ഇത്തവണ മുതൽ പത്താംക്ലാസുകാർക്ക് മൂന്ന് വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് സി.ബി.എസ്.ഇ അവസരം നൽകുന്നുണ്ട്. മേയ് 17 മുതലാണ് ഈ പരീക്ഷ നടക്കുക.
ഈ പരീക്ഷ എഴുതുന്നവർക്കും അല്ലാത്തവർക്കും ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം കൂടി വന്ന ശേഷമാവും അവസാന മാർക്ക് ലിസ്റ്റ് ലഭ്യമാവുകയെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ മുഴുവൻ പരീക്ഷയും പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ വിദ്യാർഥികൾക്ക് ആശങ്കയില്ല. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് തുടർ പഠനത്തെ ബാധിക്കാത്ത രീതിയിലാണ് ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏക ജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഫലം വന്ന ശേഷം മാത്രമേ ആരംഭിക്കുവെന്നാണ് വിവരം. സംഘർഷങ്ങൾ മൂലം മുഴുവൻ പരീക്ഷയും എഴുതാൻ കഴിയാഞ്ഞതിൽ പ്രവാസി കുട്ടികൾ കടുത്ത ആശങ്കയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.