ദുബൈ: വിവിധ സ്കുളുകളിൽ പഠിക്കുന്ന കുട്ടികളെ ഒരു വാഹനത്തിൽ കൊണ്ടുപോകുന്ന സ്കൂൾ ബസ് പൂളിങ് സംവിധാനം പരീക്ഷണ ഘട്ടത്തിൽ നടപ്പിലാക്കുന്നത് അൽ ബർഷയിൽ. പദ്ധതിയിൽ ഒരു കുട്ടിക്ക് യാത്രക്ക് 1,000 ദിർഹമാണ് ഉദ്ഘാടന ഓഫർ നിരക്കുണ്ടാവുകയെന്നും സേവനദാതാക്കളായ യാംഗോ ഗ്രൂപ് വെളിപ്പെടുത്തി. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യാംഗോ ഗ്രൂപ്പുമായും അർബൻ എക്സ്പ്രസ് ട്രാൻസ്പോർട്ടുമായും രണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു. 14 വയസ്സ് മുതൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ഈ സേവനം ഉപയോഗിക്കാവുന്നത്. ആഡംബര എസ്.യു.വികളാണ് സർവിസിനായി ഉപയോഗിക്കുകയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ബ്ലൂം അക്കാദമി, ബ്രൈറ്റൺ കോളജ്, ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂൾ, ജെംസ് അൽ ബർഷ നാഷനൽ സ്‌കൂൾ, ദുബൈ അമേരിക്കൻ അക്കാദമി, അമേരിക്കൻ സ്‌കൂൾ ഓഫ് ദുബൈ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സേവനം നിലവിൽ ലഭ്യമാക്കുകയെന്നും യാംഗോ ഗ്രൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം പദ്ധതി തുടങ്ങുമെന്നാണ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. 60 മിനിറ്റിൽ കൂടാത്ത സമയപരിധിക്കുള്ളിൽ വിദ്യാർഥികളെ അവരുടെ വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും എത്തിക്കുന്നതായിരിക്കും സംവിധാനമെന്നും യാംഗോ ഗ്രൂപ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സ്കൂളിന്റെയും ഷെഡ്യൂളിന് അനുസരിച്ച് പിക്-അപ്, ഡ്രോപ്പ് സമയങ്ങൾ സജ്ജീകരിക്കും. സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് യാംഗോ ഗ്രൂപ്പിന്റെയും അർബൻ എക്സ്പ്രസ് ട്രാൻസ്പോർട്ടിന്റെയും ആപ്പുകളിലോ വെബ്‌സൈറ്റുകളിലോ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പൈലറ്റ് പദ്ധതി വിലയിരുത്തിയ ശേഷമായിരിക്കും സംരംഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വിപുലീകരിക്കുന്നത്. സ്വകാര്യ കാറുകളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ബദൽ സൗകര്യമാകുന്ന പദ്ധതി വഴി സ്കൂൾ മേഖലകളിൽ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ ട്രിപ്പ് മാനേജ്മെന്റ്, വാഹന ട്രാക്കിങ്, നിരീക്ഷണം എന്നിവക്ക് നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംരംഭം നടപ്പിലാക്കുക. ദുബൈയിൽ നിലവിലുള്ള സ്കൂൾ ഗതാഗത സംബന്ധമായ എല്ലാ അംഗീകൃത നിയന്ത്രണങ്ങളും നിർദേശങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടാണ് സംരംഭം പ്രവർത്തിക്കുകയെന്നും ഗതാഗതവും വിദ്യാർഥികളുടെ ദൈനംദിന സഞ്ചാരവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.