മാസ്ക് ഒഴിവാക്കിയ ആദ്യ ദിനം അബൂദബി ലുലു ഹൈപർമാർക്കറ്റിലെത്തിയവർ
ദുബൈ: രണ്ടുവർഷത്തിനുശേഷം മാസ്കില്ലാതെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരിപാടികൾക്കും എത്തിയതിന്റെ ആശ്വാസത്തിൽ പ്രവാസികൾ. യു.എ.ഇയിൽ കൂടുതൽ മേഖലകളിൽ ഇന്നലെ മുതലാണ് മാസ്ക് നിയന്ത്രണം ഒഴിവാക്കിയത്.
സ്കൂളുകളിൽ ഭൂരിപക്ഷം കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കാതെയാണ് എത്തിയത്. എന്നാൽ, സ്കൂൾ ബസുകളിൽ മാസ്ക് ഇടണമെന്ന് പല സ്കൂളുകളും നിർദേശം നൽകിയിട്ടുണ്ട്. ദുബൈ വിമാനത്താവളത്തിൽ മാസ്ക് നിർബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിൽ മാസ്ക് നിർബന്ധമില്ലെന്ന് എമിറേറ്റ്സും ൈഫ്ല ദുബൈയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ എയർലൈനുകളിൽ ഇപ്പോഴും മാസ്ക് വേണം. ഇന്ത്യൻ സർക്കാറിന്റെ നിർദേശങ്ങളാണ് അവർ പിന്തുടരുന്നത്. ഇന്ത്യക്കുപുറമെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സീഷെൽസ് എന്നിവിടങ്ങളിലേക്കും മാസ്ക് വേണം.
കനഡ യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ മാസ്ക് വേണ്ട. അതേസമയം, പള്ളികളിലും സ്കൂളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ഇപ്പോഴും നിർബന്ധമാണ്.
രണ്ടുവർഷത്തിനുശേഷം പള്ളികളിൽ സമൂഹ അകലം ഒഴിവാക്കി നമസ്കാരം നടന്നു. വളരെ നാളുകൾക്ക് ശേഷം തോളോടുതോൾ ചേർന്ന് നമസ്കരിക്കാൻ കഴിഞ്ഞത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ തീരുമാനമായി.
സമൂഹ അകലം പാലിക്കേണ്ടതിനാൽ ചെറിയ പള്ളികളിൽ പുറത്തുനിന്ന് നമസ്കരിക്കേണ്ട അവസ്ഥയായിരുന്നു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വെറ്റക്സ് പ്രദർശനത്തിനെത്തിയവരിൽ വളരെക്കുറച്ചുപേർ മാത്രമാണ് മാസ്ക് ധരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.