ഇ-​വാ​ല​റ്റ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ സാ​ലി​ക്കും ദു​ബൈ എ​യ​ർ​പോ​ർ​ട്​​സും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദുബൈ വിമാനത്താവളത്തിൽ ‘സാലിക്കി’ന്‍റെ ഇ-വാലറ്റ് പാർക്കിങ്

ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്ന ‘സാലിക്കി’ന്‍റെ ഇ-വാലറ്റുകൾ ഉപയോഗിച്ച് ദുബൈ വിമാനത്താവളത്തിൽ പാർക്കിങ് സൗകര്യമൊരുങ്ങുന്നു. വിമാനത്താവളത്തിന്‍റെ മൂന്ന് ടെർമിനലുകളിലും ജനുവരി 22 മുതൽ പുതിയ പാർക്കിങ് സംവിധാനം നിലവിൽവരും. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സാലിക്കും ദുബൈ എയർപോർട്സും 10 വർഷത്തെ കരാറിലെത്തി.

ദുബൈ വിമാനത്താവളത്തിലെ 7,400 പെയ്ഡ് കാർ പാർക്കിങ് സ്ഥലങ്ങളിലും സാലിക്കിന്‍റെ ഇ-വാലറ്റ് ഉപയോഗിച്ച് തടസ്സമില്ലാത്ത പാർക്കിങ്ങിന് ഇതുവഴി സൗകര്യമൊരുങ്ങും. വിമാനത്താവളത്തിലെ നിലവിലെ കാർ പാർക്കിങ് മാനേജ്മെന്‍റ് സംവിധാനവുമായി സാലിക്കിന്‍റെ ഇ-വാലറ്റ് സംവിധാനം സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. വളരെ എളുപ്പത്തിൽ പാർക്കിങ് ചെയ്യാൻ അവസരമൊരുക്കുന്നതും ഗതാഗത തടസ്സം ഒഴിവാക്കുന്നതുമാണ് പദ്ധതി.

കരാറിലെ നിബന്ധനകൾ പ്രകാരം ഇ-വാലറ്റ് സിസ്റ്റം സംയോജിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സാലിക്കിനായിരിക്കും. കരാർ വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ടെർമിനലുകൾക്ക് ചുറ്റുമുള്ള ഗതാഗതം മെച്ചപ്പെടുത്തുകയും കൂടുതൽ സൗകര്യപ്രദവും പൂർണമായും ഡിജിറ്റൽ രീതിയിലുള്ള പാർക്കിങ് അനുഭവം നൽകുകയും ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളം ജൂലൈമുതൽ സെപ്റ്റംബർവരെ 2.42 കോടി അതിഥികളെ കൈകാര്യം ചെയ്തിട്ടുണ്ട്.

ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെയും സാലിക് ചെയർമാൻ മതാർ അൽ തായറിന്‍റെയും സാന്നിധ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. സ്മാർട്ട്, സുസ്ഥിര ഗതാഗത മേഖലയിൽ സാലിക്കിന്റെ പങ്ക് വികസിപ്പിക്കുന്നതിനുള്ള നയത്തിന്‍റെ ഭാഗമാണ് കരാറെന്നും യു.എ.ഇയിലെ പ്രധാന സ്ഥലങ്ങൾക്കും അടിസ്ഥാനസൗകര്യ ഓപറേറ്റർമാർക്കും വിശ്വസനീയമായ ഡിജിറ്റൽ പേയ്‌മെന്റ് പങ്കാളി എന്ന നിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുകയാണെന്നും സാലിക് സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.

സാലിക്കുമായുള്ള സഹകരണം പാർക്കിങ് ലളിതമാക്കുകയും എക്സിറ്റുകളിൽ ക്യൂ കുറക്കുകയും സുഗമമായ പ്രവേശനത്തിന് സഹായിക്കുകയും ചെയ്യുന്നതാണെന്ന് ദുബൈ എയർപോർട്ട്‌സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു.

Tags:    
News Summary - Salik's e-wallet parking at Dubai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.