അബൂദബി: ശമ്പള കുടിശ്ശികയും പിടിച്ചുവെച്ച മറ്റ് ആനുകൂല്യങ്ങളും മുന്‍ ജീവനക്കാരനായ ഡോക്ടര്‍ക്ക് നല്കാന് ആരോഗ്യകേന്ദ്രത്തിന് നിര്‍ദേശം നല്കിയ അപ്പീല്‍ കോടതി ഉത്തരവ് ശരിവെച്ച് അബൂദബി സുപ്രീംകോടതി. വേതന കുടിശ്ശികയായ 30,000 ദിര്‍ഹമും അവധി അലവന്‍സായ 72,500 ദിര്‍ഹമും സര്വിസാനന്തര ഗ്രാറ്റ്വിറ്റിയായി 95,000 ദിര്‍ഹമും അടക്കം ആവശ്യപ്പെട്ടാണ് വനിത ഡോക്ടര്‍ കോടതിയെ സമീപിച്ചത്. 2022 ഒക്ടോബര്‍ 24നായിരുന്നു ഡോക്ടര്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
75,000 ദിര്‍ഹം അടിസ്ഥാന ശമ്പളം, 20 ശതമാനം കമീഷന് അടക്കം 1,50,000 ദിര്‍ഹമായിരുന്നു ആകെ ശമ്പളം. എന്നാല്‍, സ്ഥാപന ഉടമ കരാര്‍ ലംഘനം നടത്തിയതോടെ 2025 ഫെബ്രുവരി 25ന് ഡോക്ടര്‍ ജോലി രാജിവെച്ചു. വേതന കുടിശ്ശികയടക്കം ലഭിക്കാതായതോടെയാണ് ഡോക്ടര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഡോക്ടര്‍ക്കെതിരെ 4,50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥാപനയുടമയും കേസ് ഫയല്‍ ചെയ്തു. കോടതി ഇരു കേസുകളും ഒന്നായി പരിഗണിക്കുകയും രണ്ടു കൂട്ടരുടെയും ഭാഗം കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 2025 ഏപ്രില്‍ 28ന് ഡോക്ടര്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. എല്ലാ ആനുകൂല്യങ്ങളുമടക്കം 3,92,708 ദിര്‍ഹം നല്‍കാനായിരുന്നു കോടതി വിധി. ഡോക്ടര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു.
ഇരു കക്ഷികളും ഇതിനെതിരെ അപ്പീല്‍ നൽകിയെങ്കിലും അപ്പീല്‍ കോടതി ഡോക്ടർക്ക് 3,18,690 ദിര്‍ഹം നല്കാൻ തൊഴിലുടമക്ക് നിര്‍ദേശം നല്കി. ഒപ്പം ഡോക്ടർ തൊഴിലുടമക്ക് 1,50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഇതിനെതിരെ ഡോക്ടര്‍ അബൂദബി കാസേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച് കാസേഷന്‍ കോടതി സ്ഥാപനയുടമ ഡോക്ടർക്ക് 3,18,690 ദിര്‍ഹമും ഡോക്ടര്‍ സ്ഥാപനത്തിന് 1,50,000 ദിര്‍ഹമും നല്‍കണമെന്ന് വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.