സഅദിയാത്ത്​- ഖലീഫ സിറ്റി റോഡ്​ പദ്ധതി ​പുരോഗമിക്കുന്നു

അബൂദബി: സഅദിയാത്ത് ദ്വീപില്‍ നിന്ന് ഉമ്മുയിഫീന ദ്വീപ് വഴി ഖലീഫ സിറ്റിയിലേക്ക് നേരിട്ട്​ പ്രവേശിക്കാൻ കഴിയുന്ന സുപ്രധാന റോഡ് വികസന പദ്ധതി അതിവേഗം പുരോഗമിക്കുന്നതായി ​അധികൃതർ വെളിപ്പെടുത്തി. നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും എമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 285 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എമിറേറ്റിലെ പ്രധാന താമസകേന്ദ്രങ്ങള്‍ക്കും വികസിത മേഖലകള്‍ക്കുമിടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ പദ്ധതി സഹായകമാവുമെന്നാണ്​ വിലയിരുത്തൽ. പദ്ധതി പൂര്‍ത്തിയായാല്‍ ഈ ഇടനാഴിയിലൂടെ പ്രതിദിനം 88,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാവും. വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്ക്​ ഉള്‍ക്കൊള്ളാനും ഗതാഗതതടസ്സങ്ങൾ ലഘൂകരിക്കാനും പദ്ധതി പ്രയോജനപ്പെടും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാല്‍നടപ്പാലം, എട്ട് കിലോമീറ്റര്‍ നീളത്തില്‍ കാൽനട, സൈക്ലിങ്​ ട്രാക്കുകള്‍, 184 സ്മാര്‍ട്ട് വിളക്കു കാലുകൾ എന്നിവയും നിര്‍മിക്കും.

പദ്ധതി പ്രാരംഭഘട്ടത്തിലാണെങ്കിലും ഇതിനകം ഈ പാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇതിനാല്‍ തന്നെ ഗതാഗതത്തിരക്കിന് ഇപ്പോള്‍ തന്നെ ആശ്വാസം പകരുകയും ചെയ്യുന്നു. നൂത എന്‍ജിനീയറിങ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വരും ഘട്ടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഇതു വഴിയൊരുക്കും. സുതാര്യത ഉറപ്പാക്കുന്നതിനായി അധികൃതര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പദ്ധതി വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.

നവീകരണവും സുസ്ഥിരതയും അടിസ്ഥാനമാക്കി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനുള്ള അബൂദബിയുടെ നയങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന്​ അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Saadiyat-Khalifa City Road project is progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.