കെ.എം.സി.സി നേതാക്കളായ പുത്തൂർ റഹ്​മാൻ, അൻവർ നഹ എന്നിവർ കോൺസുൽ ജനറൽ അമൻപുരിക്ക്​ നിവേദനം നൽകുന്നു 

പ്രവാസികളുടെ മടക്കയാത്ര : നിവേദനങ്ങളും കത്തുകളുമായി പ്രവാസി സംഘടനകൾ

ദുബൈ: പ്രവാസികളുടെ മടക്കയാത്ര വൈകുന്ന സാഹചര്യത്തിൽ നിവേദനങ്ങളുമായി ​പ്രവാസി സംഘടനകൾ. നാട്ടിലുള്ള പോഷക സംഘടനകളും എം.പിമാരും വഴി കേന്ദ്ര മന്ത്രിമാർക്ക്​ നിവേദനം നൽകുന്നതിനൊപ്പം യു.എ.ഇയിലുള്ള സംഘടന പ്രതിനിധികൾ അംബാസഡറെയും കോൺസുലേറ്റ്​ ജനറലിനെയും നേരിൽ കണ്ട്​ നിവേദനങ്ങൾ നൽകി.

കെ.എം.സി.സി കോൺസുൽ ജനറലിനെ കണ്ടു

നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സി നേതാക്കൾ വീണ്ടും ഉന്നതതല കൂടിക്കാഴ്ച നടത്തി. അനുകൂല തീരുമാനമുണ്ടാവാൻ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പരിഹാരിക്കാനാവാത്ത പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടായേക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയെ ധരിപ്പിച്ചു. നാട്ടിൽ കുടുങ്ങിയവരിൽനിന്ന് ലഭിക്കുന്ന പരാതികളും വിഷമങ്ങളും കോൺസൽ ജനറലിനെ ധരിപ്പിച്ചെന്നും പ്രവാസികളുടെ അതിജീവനം പ്രയാസത്തിലാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ചതായും കെ.എം.സി.സി പ്രസിഡൻറ്​ പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ അറിയിച്ചു.

ജോലി നഷ്​ടപ്പെടലും വിസ കാലാവധി തീരലും ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായതും ഉൾപ്പെടെ ഒരുപാട് പേർ ഗത്യന്തരമില്ലാത്ത സ്ഥിതിയിലാണ്. ഇവിടെ ജോലിക്കാരില്ലാതെ സ്ഥാപനങ്ങൾ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടിൽ കുടുങ്ങിയ തൊഴിലുടമകൾ കെ.എം.സി.സിയുടെ സഹായം ചോദിച്ചു വിളിക്കുന്നുണ്ട്. ഈ വിഷമങ്ങളെല്ലാം കോൺസുൽ ജനറലിനെ അറിയിച്ചു. മാസങ്ങളായി കൂടെ താമസിച്ചവർ നാട്ടിലായതിനാൽ വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ബാച്ചിലർ റൂമുകളിലുള്ളവർ പറയുന്നു. പല തരത്തിൽ ഈ പ്രതിസന്ധി പ്രവാസികളുടെ ജീവിതത്തെ ബാധിച്ചുകഴിഞ്ഞു.

നിലവിലെ സ്ഥിതിഗതികൾ കോൺസുൽ ജനറലിനെ ബോധ്യപ്പെടുത്തിയെന്ന് പ്രസിഡൻറ്​ പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ വിശദമാക്കി. ഇന്ത്യൻ സ്ഥാനപതി പവൻ കപൂറിനും കോൺസുൽ ജനൽ ഡോ. അമൻപുരിക്കും പലതവണ കത്തുനൽകിയിരുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കാൻ ശ്രമം തുടരുകയാണെന്നും കോൺസുൽ ജനറൽ അറിയിച്ചതായി നേതാക്കൾ വ്യക്തമാക്കി.

എം.പിക്ക്​ കെസെഫ്​ കത്തയച്ചു

പ്രവാസി മടക്കവുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട്​ കാസർകോട്​ എം.പി രാജ്​മോഹൻ ഉണ്ണിത്താന്​ കത്തയച്ചതായി കാസർകോട് ജില്ല പ്രവാസി കൂട്ടായ്​മയായ കെസെഫ് അറിയിച്ചു. 2020 മാർച്ചിന്​ ശേഷം 15 ലക്ഷത്തോളം പ്രവാസികൾ നാടണ​െഞ്ഞന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീടുണ്ടായ അപ്രതീക്ഷിത വിലക്കുമൂലം നൂറു ദിവസമായി പ്രവാസികൾ നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്​. എന്നാൽ, യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താൻപോലും കേന്ദ്ര സർക്കാർ തയാറായിട്ടില്ല. മുൻ കാലങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാറും വിദേശ മന്ത്രാലയവും വിഷയത്തിൽ ഇടപെടാറുണ്ടായിരുന്നു.

മറ്റൊരു രാജ്യത്തി​െൻറ നയതന്ത്ര വിഷയമാണെങ്കിലും ഇന്ത്യയിൽ കുടുങ്ങിയവരുടെ അവസ്ഥ യു.എ.ഇ അധികൃതരെ വ്യക്തമായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ വിലക്ക് നീക്കിയേക്കും. ഇതിനാവശ്യമായ ഇടപെടൽ നടക്കുന്നില്ല. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന പലർക്കും അവധിക്ക് തിരിച്ചെത്താത്തതിനെ തുടർന്ന് പിരിച്ചുവിടലിന് മുമ്പുള്ള നോട്ടിസ് ലഭിച്ചുതുടങ്ങി. വിസ കാലാവധി തീരുന്നതോടെ തൊഴിൽ നഷ്​ടമായവരുടെ എണ്ണം വർധിക്കും.

യാത്ര നിരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കാനുള്ള സമ്മർദം കേന്ദ്ര സർക്കാറിൽ ചെലുത്തണമെന്ന് എം.പിയോട്​ ആവശ്യപ്പെട്ടതായും കെസെഫ്​ ചെയർമാൻ മഹമ്മൂദ് ബങ്കര, സെക്രട്ടറി ജനറൽ മാധവൻ അണിഞ്ഞ, ട്രഷറർ അമിർ കല്ലട, മീഡിയ കൺവീനർ ഹുസൈൻ പടിഞ്ഞാർ എന്നിവർ അറിയിച്ചു.

ഒ.എൻ.സി.പി നേതാക്കൾ കോൺസുൽ ജനറലുമായി കൂടിക്കാഴ്​ച നടത്തി

ഓവർസീസ് എൻ.സി.പി നേതാക്കൾ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്​ച നടത്തി. വിമാന സർവിസില്ലാത്തതി​െൻറ പ്രവാസികളുടെ യാത്രാതടസ്സം, കോവാക്​സിൻ ഉൾപ്പെടെ വാക്​സിനുകൾക്ക് അംഗീകാരമില്ലാത്തത്​ തുടങ്ങി പ്രവാസികളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. 

ഓവർസീസ് എൻ.സി.പി നേതാക്കൾ കോൺസുൽ ജനറൽ ഡോ. അമൻപുരിയെ സന്ദർശിക്കുന്നു 

എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസി​െൻറ നേതൃത്വത്തിലാണ്​ കൂടിക്കാഴ്​ച നടന്നത്​. ദുബൈക്ക്​ പുറമെ, ഷാര്‍ജ, അജ്​മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബൈ കോണ്‍സുലേറ്റി​െൻറ സേവനങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഹെല്‍പ് സെൻററായ പ്രവാസി ഭാരതീയ സഹായതാകേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളും കോൺസുൽ ജനറൽ വിശദീകരിച്ചു.

കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തിനായി​ നടത്തിയ നിസ്വാർഥമായ ഇടപെടലുകൾക്കും സേവനങ്ങൾക്കും കോൺസുൽ ജനറൽ ഡോ. അമൻപുരിയെ െമമ​േൻറാ നൽകി ആദരിക്കുകയും ചെയ്​തു. കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്​ചയിൽ ചാപ്റ്റർ പ്രസിഡൻറ്​ രവി കൊമ്മേരി, ജന. സെക്രട്ടറി സിദ്ദീഖ് ചെറുവീട്ടിൽ, വൈസ് പ്രസിഡൻറ്​​ ബാബു ലത്തീഫ്, എക്​സിക്യൂട്ടിവ് അംഗം ജിമ്മി കുര്യൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Return of Expatriates: Expatriate organizations with petitions and letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.