ദുബൈ: പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന വിജ്ഞാനമേളയായ മീഡിയവൺ മബ്റൂഖ് പ്ലസിന് ശനിയാഴ്ച ദുബൈയിൽ തുടക്കമാകും. ഖിസൈസിലെ ഹയർ കോളജ് ഓഫ് ടെക്നോളജിയിൽ രണ്ടു ദിവസം നീളുന്ന പരിപാടികൾ രാവിലെ 10ന് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം നിർവഹിക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റിലെയും വിദ്യാലയങ്ങളിൽനിന്ന് വിവിധ സിലബസുകളിൽ 10, 12 ക്ലാസുകളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടി വിജയിച്ച 1500ലേറെ വിദ്യാർഥികളെ മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് സെഷനിൽ മെഡൽ നൽകി ആദരിക്കും.
നാല് ഘട്ടമായാണ് ആദരിക്കൽ ചടങ്ങ് നടക്കുക. ഒപ്പം രണ്ട് വേദികളിലായി വിവിധ മത്സരങ്ങളും വിദ്യാർഥി സംഗമവും അധ്യാപക സംഗമവും നടക്കും. 12,000 ദിർഹം സമ്മാനത്തുകയുള്ള ഗ്രാൻഡ് ക്വിസ് മത്സരം, 6000 ദിർഹം സമ്മാനത്തുകയുള്ള ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസ് മത്സരം എന്നിവക്കും മബ്റൂഖ് പ്ലസ് വേദിയൊരുക്കും. ലിറ്റിൽ പിക്കോസോ എന്ന പേരിൽ കുട്ടികൾക്കായി പെയിന്റിങ് മത്സരം നടക്കും.
കുട്ടികൾ വിവിധ മേഖലയിലെ കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്റ്റാർകിഡ്സും ഇതോടൊപ്പം അരങ്ങിലെത്തും.
നൂറുകണക്കിന് വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരക്കും. വിദ്യാർഥികളുടെ സർഗരചനകൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്ന ഫസ്റ്റ് എഡിഷൻ പദ്ധതിക്കും വേദിയിൽ തുടക്കമാകും.
ഇംദാദ് ചെയർമാൻ അബ്ദുൽ ലത്തീഫ് അബ്ദുല്ല അഹ്മദ് അൽ മുല്ല, ഷാർജ ചെസ് അക്കാദമി ചെയർമാൻ ഫൈസൽ അൽ ഹമ്മാദി, മീഡിയവൺ സി.ഇ.ഒ മുഷ്താഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, നടനും റേഡിയോ അവതാരകനുമായ മിഥുൻ രമേശ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സി.ബി.എസ്.ഇ ഗൾഫ് മേഖല കൺവീനർ ഡോ. മഞ്ജു റെജി എന്നിവർ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.