ഷാർജ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുവരുന്ന അനീഷയും മക്കളും
മാനുഷിക പരിഗണനക്ക് പേരുകേട്ടവരാണ് യു.എ.ഇക്കാർ. അതിനാലാണ് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചവരിൽ 'മാനുഷിക പരിഗണന അർഹിക്കുന്നവർ' എന്ന പ്രത്യേക കാറ്റഗറി ഉൾപ്പെടുത്തിയത്. ഈ വിഭാഗത്തിൽപെടുന്നവർക്ക് വാക്സിനില്ലെങ്കിലും കുഴപ്പമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ആനുകൂല്യം ഉപയോഗിച്ചാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി റിഷാദ് ഹൈദരലിയുടെ ഭാര്യ അനീഷയും മക്കളായ അർസിനും അർഹാനും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ എത്തിയത്. ഇന്ത്യയിൽ നിന്ന് വാക്സിനെടുത്ത അനീഷയെ യാത്രക്ക് അനുവദിക്കുകയായിരുന്നു. ഭർത്താവ് യു.എ.ഇയിലാണെന്നതും മകൾ പഠിക്കുന്നത് ഇവിടെയാണെന്നതും തുണയായി.
ഫെബ്രുവരിയിലാണ് ഇവർ നാട്ടിലേക്ക് പോയത്. ആരോഗ്യ കാരണങ്ങളാൽ ആ സമയത്ത് വാക്സിനെടുക്കാൻ കഴിഞ്ഞിരുന്നില്ല. യു.എ.ഇയിലേക്ക് യാത്രാനുമതി നൽകിയ വാർത്ത അറിഞ്ഞയുടൻ റിഷാദ് ജി.ഡി.ആർ.എഫ്.എയിലും ഐ.സി.എയിലും അനുമതിക്കായി അപേക്ഷിച്ചിരുന്നു. രണ്ട് മണിക്കൂറിനകം ജി.ഡി.ആർ.എഫ്.എ അനുമതി ലഭിച്ചു. ദുബൈ വിസക്കാർക്ക് ഐ.സി.എ അനുമതി ആവശ്യമില്ലെങ്കിലും ഉറപ്പിനായി അതും എടുത്തു. ആദ്യം മറുപടിയൊന്നും ലഭിച്ചില്ല.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട സ്ഥലത്ത് വിശദവിവരങ്ങൾ അടങ്ങിയ കത്തും ഫോട്ടോയും നൽകി. ഇതോടെ ഐ.സി.എയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചു. വിമാനത്താവളത്തിൽ എത്തിയപ്പോൾ അനുമതി ലഭിക്കുന്ന കാര്യം സംശയമാണെന്ന് അധികൃതർ പറഞ്ഞു. എങ്കിലും, കാത്തിരിക്കാൻ അറിയിച്ചു. മകൾ അർസിൻ യു.എ.ഇയിൽ കെ.ജി ടു വിദ്യാർഥിനിയാണെന്നും ഭർത്താവ് യു.എ.ഇയിലാണെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് വാക്സിനെടുക്കാൻ കഴിയാത്തതെന്നും അധികൃതരെ ബോധിപ്പിച്ചു. തുടർന്ന് യാത്രക്ക് അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.