റാസല്‍ഖൈമയില്‍നിന്നുള്ള ദൃശ്യം                                                                                        ഫോട്ടോ: ആഷിഖ്​ ലീ

ഫുജൈറയും ദുബൈയും പിന്നിൽ; യു.എ.ഇയിലെ ആഭ്യന്തര സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളില്‍ ഒന്നാമത്​ ഇൗ ചരിത്രനാട്​

റാസല്‍ഖൈമ: ലോക സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ റാസല്‍ഖൈമ ആഭ്യന്തര സഞ്ചാരികള്‍ക്കും പ്രിയങ്കരമെന്ന് പഠനം. പ്രമുഖ ട്രാവല്‍ കണ്‍സല്‍ട്ടന്‍സി ആഭ്യന്തര സഞ്ചാരികളില്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് 2021ല്‍ ഭൂരിപക്ഷം പേരും റാസല്‍ഖൈമ സന്ദര്‍ശിക്കുമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.91 ശതമാനം പേരില്‍ നടത്തിയ സര്‍വേയില്‍ 55 ശതമാനം പേരും സന്ദര്‍ശനം നടത്താന്‍ റാസല്‍ഖൈമയെയാണ് തെരഞ്ഞെടുത്തത്. ഫുജൈറയും ദുബൈയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

അതുല്യമായ ഭൂപ്രകൃതി, സാഹസിക വിനോദകേന്ദ്രങ്ങള്‍, മികച്ച ആതിഥ്യ സ്വീകരണം, ചരിത്രപരമായ പ്രത്യേകതകളുള്ള പൗരാണിക പ്രദേശങ്ങള്‍, കടല്‍ തീരങ്ങള്‍, പർവതനിരകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് റാസല്‍ഖൈമയെ സഞ്ചാരികള്‍ക്ക് ഇഷ്​ടകേന്ദ്രമാക്കുന്നതെന്ന് ഡനാറ്റ ട്രാവല്‍ റീട്ടെയില്‍ ആൻഡ്​​ പ്രൊഡക്ട് മേധാവി എമിലി ജെങ്കിന്‍സ് അഭിപ്രായപ്പെട്ടു.

സര്‍വേ ഫലങ്ങള്‍ റാസല്‍ഖൈമയുടെ പ്രശസ്തി ഉയര്‍ത്തുന്നതാണെന്ന് അല്‍മര്‍ജാന്‍ സി.ഇ.ഒ അബ്​ദുല്ല അലി അബ്​ദുൽ അലി പറഞ്ഞു. വരും നാളുകളില്‍ യു.എ.ഇ നിവാസികളില്‍ നല്ല ശതമാനവും റാസല്‍ഖൈമയിലെത്തുന്നത് വിനോദ മേഖലയെ സജീവമാക്കും.

ആഭ്യന്തര വിപണിയുടെ സുസ്ഥിരതക്ക് ഇത് സഹായിക്കും. അതിഥികള്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അബ്​ദുല്ല വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാരുടെ ജനപ്രിയ സ്ഥലങ്ങളില്‍ റാസല്‍ഖൈമ സ്ഥാനം പിടിച്ചത് നല്ല സൂചനയാണെന്ന് റാക് ടൂറിസം ഡെവലപ്​മെൻറ്​ അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. രാജ്യം നല്ല കാലാവസ്ഥയിലേക്ക് മാറുകയാണ്. വൈവിധ്യമാര്‍ന്ന വിരുന്നൊരുക്കി അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യും. വിനോദ-വാണിജ്യ രംഗത്തെ റാക് ടി.ഡി.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതാണ് സര്‍വേ ഫലമെന്നും റാക്കി ഫിലിപ്സ് അഭിപ്രായപ്പെട്ടു.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തര സഞ്ചാരികള്‍ റാസല്‍ഖൈമയെ തെരഞ്ഞെടുത്തത് ഈ മേഖലയുടെ ഉണര്‍വിന് സഹായകമാകുമെന്ന് റാഡിസണ്‍ റിസോര്‍ട്ട് ക്ലസ്​റ്റര്‍ ജനറല്‍ മാനേജര്‍ ഡേവിഡ് അലന്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങള്‍ക്കൊപ്പം റാഡിസന്‍ പ്രവര്‍ത്തന സജ്ജമാകുന്നത് മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും ഡേവിഡ് വ്യക്തമാക്കി. ലോകത്തെ വിനോദസ്ഥലങ്ങളില്‍ റാസല്‍ഖൈമ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളുടെ പട്ടികയിലാണെന്ന് റാക് അന്താരാഷ്​ട്ര വിമാനത്താവള സി.ഇ.ഒ സഞ്ജയ് ഖന്ന അഭിപ്രായപ്പെട്ടു.

ഇത് വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകമാണ്. മഹാമാരി നാളില്‍ ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായെത്തുന്നത് റവന്യൂ നേട്ടത്തിനും സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ റാക് എയര്‍പോര്‍ട്ടിലേക്കുണ്ട്. ഇവിടെ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ നഗരങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക്​ അനുമതി നല്‍കാന്‍ കഴിയുമെന്നും സഞ്​ജയ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.