സന്ദര്‍ശകരുടെ പ്രിയ ഇടമായി റാസല്‍ഖൈമ

റാസല്‍ഖൈമ: വിനോദ മേഖലക്ക് ഉണര്‍വേകി റാസല്‍ഖൈമയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ എത്തിയത് 6,54,000 സന്ദര്‍ശകരെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ). റാക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയത് സന്ദര്‍ശക ഒഴുക്കിനെ സഹായിച്ചു. റുമാനിയ, പോളണ്ട്, ഉസ്ബെസ്ക്കിസ്ഥാന്‍, ബെലറസ് തുടങ്ങിയിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ സന്ദര്‍ശകര്‍. യു.കെ, റഷ്യ, ചൈന രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നും നിരവധി പേരെത്തിയത് റാസല്‍ഖൈമയുടെ റവന്യൂ നേട്ടത്തിലും പ്രതിഫലിച്ചു. സന്ദര്‍ശകരുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്‍റെയും വരുമാനത്തില്‍ ഒമ്പത് ശതമാനത്തിന്‍റെയും വര്‍ധനവാണ്​ രേഖപ്പെടുത്തിയതെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു.

2030ഓടെ പ്രതിവര്‍ഷം 35 ലക്ഷം സന്ദര്‍ശകരെ വരവേല്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ അടിസ്ഥാന വികസന പ്രവൃത്തികളും ഹോട്ടല്‍ സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു. വിവാഹം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ക്ക് ലോകം റാസല്‍ഖൈമയെ വേദിയായി തെരഞ്ഞെടുക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിവാഹ പ്രോഗ്രാമുകളില്‍ 36 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. റുമാനിയ 65 ശതമാനം, പോളണ്ട് 56, ഉസ്ബെക്കിസ്ഥാന്‍ 47 എന്നിവക്ക് പിറകില്‍ 25 ശതമാനവുമായി ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍. ഫുജൈറ അഡ്വഞ്ചേഴ്സ്, ചൈനീസ് യാത്രാ പ്ളാറ്റ്ഫോമുകളായ ട്രിപ്പ് കോം, ടോങ്ചെങ്, സൗദി എയര്‍ട്രാവല്‍ വെബ്സൈറ്റുകള്‍ തുടങ്ങിയവയുമായുള്ള റാക് ടി.ഡി.എയുടെ പുതിയ കരാറുകള്‍ ആഗോള സന്ദര്‍ശകരെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കുന്നതാണ്.


Tags:    
News Summary - Ras Al Khaimah becomes a favorite destination for visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.