റാക് ഹോസ്പിറ്റല്‍
റാസല്‍ഖൈമ: പ്രമേഹത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മൂന്ന് മാസം നീളുന്ന ‘നാഷനല്‍ ഡയബറ്റിസ് ചലഞ്ച് 2025’(റാക് ഡി.സി) രജിസ്ട്രേഷന് തുടങ്ങി. ജീവിതശൈലീ മാറ്റത്തിലൂടെ പ്രമേഹത്തെ ചെറുക്കുന്നതിന് രൂപകൽപന ചെയ്ത രാജ്യവ്യാപക വെല്‍നസ് കാമ്പയിനായ റാക് ഡയബറ്റിസ് ചലഞ്ചിന്റെ നാലാമത് പതിപ്പ് അഭിമാനപൂര്‍വമാണ് പ്രഖ്യാപിക്കുന്നതെന്ന് റാക് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദീഖി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിപ്പുകളില്‍ ആയിരകണക്കിനാളുകളില്‍ പ്രമേഹ മുക്തിവരുത്താന് ചലഞ്ചിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 5,000ലേറെ പേര് ചലഞ്ചില്‍ പങ്കാളികളായി. ശാസ്ത്രീയ രീതിയില്‍ വിദഗ്ധര്‍ നയിക്കുന്ന ഡയബറ്റ് ചലഞ്ചില്‍ പങ്കെടുത്ത് വിജയം വരിക്കുന്നവര്‍ക്ക് 20,000 ദിര്‍ഹമിന്റെ ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കുമെന്നും റാസ സിദ്ദീഖി തുടര്‍ന്നു.
2025 ആഗസ്റ്റ് 29 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ചലഞ്ചില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 5.7 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എച്ച്.ബി.എ.വൺ.സി യുള്ള യു.എ.ഇ നിവാസികള്‍ക്ക് റാക് ഡയബറ്റിക് ചാലഞ്ച് വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫിസിക്കല്‍ കാറ്റഗറിയില്‍ പങ്കാളികളാകുന്നവര്‍ക്ക് ആഗസ്റ്റ് 29, 30, 31 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ റാക് ഹോസ്പിറ്റല്‍ ടെന്റ് ഫെസിലിറ്റിയില്‍ സൗജന്യ ബി.എം.ഐ, എച്ച്.ബി.എ.വൺ.സി പരിശോധനകള്‍, ജീവിത ശൈലി വിലയിരുത്തല്‍ എന്നിവ നടക്കും. വെര്‍ച്വല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ യു.എ.ഇയിലെ അംഗീകൃത ക്ലിനിക്കുകളില്‍ നിന്ന് സ്വന്തം ചെലവില്‍ പരിശോധന നടത്തി ഫലങ്ങളും ജീവിത ശൈലി വിവരങ്ങളും ആഗസ്റ്റ് 31ന് ഓണ്‍ലൈനില്‍ അപ്പ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.