ശൈഖ് സായിദ്
ദുബൈ: യു.എ.ഇയുടെ സമൃദ്ധിയിലേക്ക് വിത്തുപാകുകയും ലോകത്തെമ്പാടും കാരുണ്യത്തിന്റെ വെളിച്ചം വീശുകയും ചെയ്ത രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ സ്മരണയിൽ ഇമാറാത്ത്. ബാബാ സായിദ് എന്ന് ലോകം സ്നേഹത്തോടെ വിളിച്ച ശൈഖ് സായിദ് വിടവാങ്ങിയത് 2004ൽ ഇതുപോലൊരു റമദാൻ 19നായിരുന്നു. നിരാലംബർക്കും ദരിദ്രർക്കും കാരുണ്യഹസ്തവുമായി എത്തിച്ചേരുന്ന യു.എ.ഇയുടെ മാർഗത്തിലെ വഴികാട്ടിയായ ശൈഖ് സായിദിനെ അനുസ്മരിച്ച് രാജ്യം ഇന്ന് ജീവകാരുണ്യദിനമായി ആചരിക്കും.
വൺ ബില്യൺ മീൽസ് പോലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന് വഴികാണിച്ചത് ശൈഖ് സായിദായിരുന്നു. ജാതി, മത, വർഗ, ദേശ, ഭാഷാ ഭേദമന്യേ ശൈഖ് സായിദ് ലോകത്താകമാനം സ്നേഹവും കരുണയും പ്രചരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അദ്ദേഹത്തിന്റെ സഹായമെത്തി. പ്രവാസി മലയാളികൾ അടക്കം പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ കാരുണ്യം അനുഭവിച്ചു. 1971ൽ അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റ് സ്ഥാപിച്ചാണ് ശൈഖ് സായിദ് വിദേശങ്ങളിൽ സഹായങ്ങൾ നൽകുന്നത് ആരംഭിച്ചത്. തുടർന്ന് വിവിധ രാജ്യങ്ങളിൽ സഹായങ്ങൾ ലഭ്യമാക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സായിദ് ചാരിറ്റബ്ൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (സായിദ് ഫൗണ്ടേഷൻ) രൂപവത്കരിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിലവിൽ സഹായം എത്തിക്കുന്നത്. പ്രളയകാലത്ത് കേരളത്തിനും വൻ പിന്തുണ നൽകിയിരുന്നു. 2018 സായിദ് ഹ്യൂമാനിറ്റേറിയൻ വർഷമായി ആചരിച്ചിരുന്നു.
1966 ആഗസ്റ്റ് ആറിനാണ് അബൂദബിയുടെയും യു.എ.ഇയുടെയും ഭരണാധികാരിയായി ശൈഖ് സായിദ് എത്തിയത്. അദ്ദേഹത്തിന്റെ മരണം വരെ ഈ ദിനം പൊതു അവധിയായിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും അന്താരാഷ്ട്ര സമൂഹത്തിന് കൈത്താങ്ങായി യു.എ.ഇയെ വളർത്തി. യു.എ.ഇ ഭരണനേതൃത്വം ഇന്നും ഈ മാതൃക പിന്തുടരുന്നു.
രാഷ്ട്രീയം, സാമ്പത്തികം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളിലെല്ലാം യു.എ.ഇ ലോകരാജ്യങ്ങളുമായി കൈകോർക്കുന്നു. ഇത് ശൈഖ് സായിദിന്റെ മാതൃകയാണ്. വളരെ ദീർഘവീക്ഷണമുള്ള അദ്ദേഹം എല്ലായ്പ്പോഴും ഭാവിയെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ആസൂത്രണം ചെയ്തു. പുതിയ സാങ്കേതിക-സാമ്പത്തിക- ശാസ്ത്രീയ നീക്കങ്ങളുമായി മുന്നേറുന്നതിലും ശ്രദ്ധിച്ചു. ശൈഖ് സായിദിന്റെ ഓർമ ദിവസം യു.എ.ഇ ഭരണാധികാരികൾ അദ്ദേഹത്തെ അനുസ്മരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.