ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂം
ദീർഘദർശിയായ നേതാവിന്‍റെ 36ാം ചരമവാർഷികം; ശൈഖ് റാശിദിനെ സ്മരിച്ച് യു.എ.ഇ
ദുബൈ: ദുബൈയുടെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ 36-ാം ചരമവാർഷിക വേളയിൽ അദ്ദേഹത്തിന്‍റെ വികസന കാഴ്ചപ്പാടുകളെ സ്മരിച്ച് യു.എ.ഇ. ശൈഖ് റാശിദിന്‍റെ വേർപാടിന്‍റെ ഓർമ പുതുക്കുന്ന വേളയിൽ, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവിന് വികാരനിർഭരമായ ആദരാഞ്ജലി അർപ്പിച്ചു. തന്‍റെ ആദ്യത്തെ അധ്യാപകനും നേതാവും പ്രചോദനവും ശൈഖ് റാശിദായിരുന്നുവെന്നും, അദ്ദേഹം പകർന്ന ദിശാബോധവും തത്ത്വങ്ങളുമാണ് ഇന്നത്തെ ദുബൈയുടെ ഓരോ നേട്ടത്തിന്‍റെയും അടിത്തറയെന്നും ശൈഖ് മുഹമ്മദ് കുറിച്ചു.
‘ആവശ്യങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ അതിനുള്ള സൗകര്യങ്ങൾ നിർമിക്കുക’ എന്നതായിരുന്നു ശൈഖ് റാശിദിന്‍റെ വികസന നയം. 1958ൽ ദുബൈയുടെ ഭരണമേറ്റെടുക്കുമ്പോൾ ഇന്നത്തെപ്പോലെ വലിയ സാമ്പത്തിക സ്രോതസുകളോ എണ്ണസമ്പത്തോ ലഭ്യമല്ലാതിരുന്നിട്ടും ഭാവി മുന്നിൽക്കണ്ട് അദ്ദേഹം തീരുമാനങ്ങളെടുത്തു. അക്കാലത്ത് പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ദുബൈ ക്രീക്കിന്‍റെ ആഴവും വീതിയും കൂട്ടിയത് വലിയ കപ്പലുകളുടെ വരവിനും വ്യാപാര വർധനവിനും വഴിയൊരുക്കി.
1960ൽ ദുബൈ വിമാനത്താവളം തുറന്നതും, മക്തൂം പാലം, ഷിന്ദഗ തുരങ്കം തുടങ്ങിയ ഗതാഗത പദ്ധതികൾ നടപ്പാക്കിയതും ഭാവിയിലെ മഹാനഗരത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു. ‘ദുബൈയുടെ എൻജിനീയർ’ എന്ന വിശേഷണം എല്ലാംകൊണ്ടും ശൈഖ് റാശിദിന് അവകാശപ്പെട്ടതാണ്.
നഗരത്തിന് ആവശ്യമായി വരുന്നതിന് മുമ്പുതന്നെ മികച്ച സംവിധാനങ്ങൾ പടുത്തുയർത്തുക എന്ന നിലപാടിന് വലിയ ഉദാഹരണമാണ് ദുബൈയിലെ തുറമുഖങ്ങൾ. 1972ൽ പോർട്ട് റാശിദ് സ്ഥാപിച്ച അദ്ദേഹം, 1979-ൽ അന്നത്തെ ആവശ്യങ്ങൾക്കും അപ്പുറമുള്ള കൂറ്റൻ പദ്ധതിയായി ജബൽ അലി തുറമുഖം നിർമിച്ചു. അന്ന് അനാവശ്യമെന്ന് തോന്നിയേക്കാമായിരുന്ന ഈ പദ്ധതിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ്, സമുദ്ര വ്യാപാര കേന്ദ്രങ്ങളിലൊന്നായി മാറിയത്.
ദുബൈയുടെ വളർച്ചയിൽ മാത്രമല്ല, യു.എ.ഇ എന്ന രാഷ്ട്ര രൂപീകരണത്തിലും ശൈഖ് റാശിദ് നിർണായക പങ്കുവഹിച്ചു. 1968 ഫെബ്രുവരി 18ന് അബുദാബി ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാനുമായി അൽ സമീഹിൽ വെച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയാണ് യുഎ..ഇ യൂനിയന്‍റെ സ്ഥാപനത്തിലേക്ക് നയിച്ചത്. 1971 ഡിസംബർ രണ്ടിന് യു.എ.ഇ രൂപീകൃതമായപ്പോൾ അദ്ദേഹം രാജ്യത്തിന്റെ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റു.
പദ്ധതിപ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുകയും വ്യാപാരികളോടും ജനങ്ങളോടും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വിനയാന്വിതനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ആഡംബരങ്ങളില്ലാത്ത നയങ്ങളും വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള കഴിവുമാണ് ആധുനിക ദുബൈക്ക് വഴികാട്ടിയത്. 1990 ഒക്ടോബർ ഏഴിന് അദ്ദേഹം വിടപറഞ്ഞെങ്കിലും, നാളെയുടെ ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ട് അദ്ദേഹം നിർമിച്ച നഗരവും ആ വികസന ദർശനങ്ങളും ഇന്നും അദ്ദേഹത്തിന്‍റെ നേതൃപാടവത്തിന്‍റെയും ഭരണമികവിന്‍റെയും ചിരസ്മരണ പുലർത്തുന്ന മഹാമാതൃകകളായി ലോകത്തിനുമുന്നിൽ തിളക്കത്തോടെ ഉയർന്നുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.