ഇത്തിഹാദ് -ഒമാൻ റെയിൽ അധികൃതർ ആദ്യയോഗം ചേരുന്നു

യു.എ.ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ: ഇരുരാജ്യങ്ങളും സംയുക്ത യോഗം ചേർന്നു

അബൂദബി: യു.എ.ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ട നടപടികൾക്കായി ഇരു രാജ്യങ്ങളിലെയും അധികൃതർ യോഗം ചേർന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി ഒപ്പിട്ട കരാർ അടിസ്ഥാനമാക്കിയാണ് യോഗം ചേർന്നത്. യു.എ.ഇയുടെ ദേശീയ റെയിൽവേ കമ്പനിയായ ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ എന്നിവയുടെ കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്.ഇരു കമ്പനികളും ചേർന്ന് റെയിൽവേ പദ്ധതിക്കായി പുതിയ സംയുക്ത കമ്പനി രൂപവത്കരിക്കുന്നതാവും ആദ്യ നടപടി.

ഇതിനായി ആവശ്യമായ നടപടികൾ ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപരമായ കാഴ്ചപ്പാടിലൂടെ സഹകരണവും സംയുക്ത പ്രവർത്തനവും വർധിപ്പിക്കുന്നതിന് തീരുമാനമെടുത്ത ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ ബോർഡ് യോഗം അഭിനന്ദിച്ചു. പദ്ധതി വ്യാപാര, സാമ്പത്തിക മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒമാനിലെ സുഹാർ തുറമുഖത്തെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് റെയിൽവേ പദ്ധതി വരുന്നത്.

ശൈഖ് മുഹമ്മദ് ബിൻ സായിദും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിലാണ് ധാരണയിലെത്തിയത്. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഓടുക. ഇതിലൂടെ സുഹാറിൽനിന്ന് അബൂദബിയിലേക്ക് യാത്രാസമയം 1.40 മണിക്കൂറായും സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ഒമാന്‍റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തലസ്ഥാനമായ മസ്കത്തും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്.

Tags:    
News Summary - Rail link between UAE and Oman: Both countries held a joint meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.