സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയാക്കി 'റാക്ട'

റാസല്‍ഖൈമ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്കൂള്‍ ബസുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയതായി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) അറിയിച്ചു.

സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള ബസുകളിലും ട്രാന്‍സ്പോര്‍ട്ട് കമ്പനികളില്‍നിന്ന് വാടകക്കെടുക്കുന്ന ബസുകളിലുമാണ് കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നത്. കുട്ടികളുടെ സുരക്ഷക്ക് ബസ് ഡ്രൈവര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി ജീവനക്കാര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച ബോധവത്കരണ പരിപാടികള്‍ അന്തിമഘട്ടത്തിലാണ്.

ശുചിത്വത്തിനുപുറമെ നിരീക്ഷണ കാമറകള്‍, ഫസ്റ്റ് എയ്ഡ് ബോക്സ് തുടങ്ങിയവ ബസുകളില്‍ നിര്‍ബന്ധമാണ്.

കുറ്റമറ്റ രീതിയിലുള്ള സീറ്റ് ക്രമീകരണം, അഗ്നിശമന ഉപകരണങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് പ്രതിഫലിപ്പിക്കുന്ന ത്രികോണ സൂചിക, ഡ്രൈവറുടെ ഇടതുവശത്ത് 'ഇലക്ട്രോണിക് സ്റ്റോപ്', ബസുകളില്‍ സ്കൂളിന്‍റെയോ വാഹന കമ്പനിയുടെയോ പേരുകള്‍ പതിക്കല്‍, അറബിയിലും ഇംഗ്ലീഷിലും 'സ്കൂള്‍ ബസ്' എന്ന വാചകം, ബസ് ഡോറുകള്‍ തുറക്കുന്നതിന്‍റെയും അടക്കുന്നതിന്‍റെയും നിയന്ത്രണം ഡ്രൈവറില്‍ മാത്രമായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്ന് അധികൃതര്‍ നിർദേശിച്ചു.

ഡ്രൈവര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പെര്‍മിറ്റുകള്‍ പുതുക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സ്കൂള്‍ തുറക്കുന്നതോടെ ബസ് ജീവനക്കാര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ബോധവത്കരണ പരിപാടികള്‍ സജീവമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - 'Racta' completes inspection of school buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.