ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥക്ക് മുതൽകൂട്ടാകും
റാസല്‍ഖൈമ: വെര്‍ച്വല്‍ അസറ്റ് കമ്പനികള്‍ക്കായി സമര്‍പ്പിച്ച ലോകത്തിലെ ആദ്യ സ്വതന്ത്ര വ്യാപാര സംവിധാനമായ റാക് ഡിജിറ്റല്‍ അസറ്റ്സ് ഒയാസിസ് (റാക് ഡി.എ.ഒ)യു.കെ ടെക്നോളജി കമ്പനിയായ എച്ച്.ബി.എ.ആര് ഫൗണ്ടേഷനുമായി സഹകരണത്തിന്. ഡിജിറ്റല്‍ ഒയാസിസിലെ അംഗങ്ങളുടെ വളര്‍ച്ചയും സംരംഭ അവസരങ്ങളും ലക്ഷ്യമാക്കിയാണ് യു.കെ സാങ്കേതിക കമ്പനിയുമായുള്ള സഹകരണമെന്ന് റാക് ഡി.എ.ഒ ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല് ഖാസിമി പറഞ്ഞു. എമിറേറ്റിന്റെ വൈവിധ്യവത്കരണ നയത്തിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചിലാണ് റാക് ഡിജിറ്റല്‍ അസറ്റ് ഒയാസിസ് സ്ഥാപിക്കുന്നതിന് റാസല്‍ഖൈമയില്‍ നിയമം പുറപ്പെടുവിച്ചത്. ബ്ലോക്ക്ചെയിന്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം, വികേന്ദ്രീകൃത പബ്ലിക് ലെഡ്ജറായ ഹെഡെറയില് അക്കൗണ്ട്സ് ആപ്ലിക്കേഷനുകളുടെ നിര്‍മാണം, ഗ്രാന്റ് പ്രോഗ്രാം, ഫിനാന്‍ഷ്യല്‍ ബാക്കിങ് പ്രോസസ്, സാങ്കേതിക വൈദഗ്ധ്യം, മാര്‍ക്കറ്റിങ്, ബിസിനസ് ഡെവലപ്മെന്റ് തുടങ്ങിയവയില്‍ കേയ്മാന്‍ ഐലൻഡ് കേന്ദ്രമായ എച്ച്.ബി.എ.ആര് ഫൗണ്ടേഷന് റാക് ഡിജിറ്റല്‍ ഒയാസിസിനെ സഹായിക്കും.
ഒരുമിച്ച് പുതിയ സാധ്യതകളുടെ ഒരു ലോകം തുറക്കുകയാണെന്ന് പ്രാഥമിക കരാറില്‍ ഒപ്പുവെച്ച് എച്ച്.ബി.എ.ആര് ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടിവ് ഷെയ്ന് ഹിഗ്ഡണും റാക് ഡി.എ.ഒ ചെയര്മാന് ശൈഖ മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമിയും അഭിപ്രായപ്പെട്ടു. സംരംഭകരെ ശാക്തീകരിക്കുന്നതിനും നവീകരണത്തിന് പ്രോത്സാഹനം നല്‍കുന്നതിനും സഹകരണം വഴിവെക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ മുന്‍നിര രാജ്യങ്ങളോടൊപ്പം യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കാനും റാസല്‍ഖൈമയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനും സഹായിക്കുന്നതാണ് കരാര്വ്യവസ്ഥകളെന്ന് ഇരുവരും വ്യക്തമാക്കി.
ഉടമകള്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശവും സൗജന്യ നികുതി സ്കീമുകളും ഉറപ്പുനല്‍കുന്നതാണ് ഫ്രീ ട്രേഡ് സോണില്‍ സ്ഥാപിതമായ റാക് ഡിജിറ്റല്‍ അസറ്റ് ഒയാസിസ്. സ്റ്റാര്‍ട്ടപ്, സ്കെയില്‍ അപ് പിച്ചിങ് സെഷനുകള്‍, ഉപഭോക്താക്കളുമായും നിക്ഷേപകരുമായും സൗഹൃദപരമായ ഇടപെടലുകള്‍ക്ക് അവസരം, വെഞ്ച്വര്‍ സ്റ്റുഡിയോകള്‍, ആക്സിലറേറ്ററുകള്‍ തുടങ്ങിയ സംയുക്ത പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിർദേശങ്ങള്‍ തുടങ്ങിയവക്കും ഊന്നല്‍നല്‍കുന്നതാണ് റാക് ഡി.എ.ഒയും യു.കെ എച്ച്.ബി.എ.ആറും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍.
എണ്ണ ഇതര മേഖലകളിലെ വരുമാനസ്രോതസ്സുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നയപരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതിലും യു.എ.ഇ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. 2031ഓടെ ദേശീയ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ 140 ബില്യണ്‍ ഡോളറായി വളരുമെന്ന റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.