മാർച്ച് 19ന് വൈകീട്ട് നാട്ടിലേക്ക് പോകണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ടിവിയിൽ ഫ്ലാഷ് ന്യൂസ് തെളിഞ്ഞത്- 22 മുതൽ ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെക്കുന്നു. ഇതു കേട്ടതോടെ മനസ്സിൽ പലവിധ ചിന്തകളും അസ്വസ്ഥതകളും തലപൊക്കാൻ തുടങ്ങി.
വിവേകത്തെ വികാരം കീഴടക്കിയ സമയം എന്നോ വികാരത്തെ വിവേകം കീഴടക്കിയ സമയം എന്നോ എന്തുവേണമെങ്കിലും പറയാം. നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഓൺലൈനിൽ ടിക്കറ്റ് നോക്കിയപ്പോൾ കോഴിക്കോട് എയർ പോർട്ടിലേക്കുള്ള ഏകദേശം വിമാനങ്ങൾക്ക് ടിക്കറ്റ് വില 35,000 കഴിഞ്ഞിരുന്നു. നിരാശയോടെ ഇരിക്കുന്ന സമയത്താണ് നെടുമ്പാശ്ശേരിയിലേക്ക് ഉള്ള റേറ്റ് കണ്ണിലുടക്കിയത്. ഏകദേശം 7500 ഇന്ത്യൻ രൂപക്ക് എമിറേറ്റ്സ് ടിക്കറ്റ്. പിന്നെ ഒന്നും ആലോചിച്ചില്ല. 21ന് പുലർച്ചയുള്ള വിമാനത്തിൽ ടിക്കറ്റ് എടുക്കുന്നു. സുഹൃത്തുക്കളായ പറമ്പത്ത് നാസറും സഹോദരൻ ഫൈസലും കൂടി എയർ പോർട്ടിൽ കൊണ്ടുവിടുന്നു.
മെഡിക്കൽ ഷോപ്പിൽനിന്ന് ഒരു കവർ നിറയെ വാങ്ങിവെച്ച മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും മറക്കാതെ കൈയിലെടുത്തു. വിമാനത്തിൽ കയറി ഇരുന്ന ഉടൻ തൊട്ടടുത്ത യാത്രക്കാരന് എെൻറ അഡ്രസ്സും ഫോൺ നമ്പറും കൈമാറി അദ്ദേഹത്തിെൻറ നമ്പറും അഡ്രസ്സും ഞാനും വാങ്ങി.സാധാരണ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ ഇരിക്കുന്നവരുടെ മുഖത്ത് നിറയെ സന്തോഷം ആയിരിക്കും. പക്ഷേ, ഇക്കുറി ഭയം തളംകെട്ടിയ മുഖങ്ങൾ മാത്രമായിരുന്നു ചുറ്റിനും. തൊട്ടടുത്ത് ഇരിക്കുന്ന യാത്രക്കാരെൻറ ശരീരത്തിലേക്ക് സ്പർശിക്കാതെയുള്ള സൂക്ഷ്മത കൂടിയ ഇരുത്തം.
ആരും വിമാനത്തിലെ ടോയ്ലറ്റ് സൗകര്യം പോലും ഉപയോഗിക്കുന്നില്ല, നേരെ ഉറക്കത്തിലേക്ക്, രാവിലെ ബ്രേക് ഫാസ്റ്റുമായി വന്ന കാബിൻക്രൂവിെൻറ വിളി കേട്ട് ഉറക്കം ഉണർന്നു. സൂക്ഷ്മതയുടെ ഭാഗമായി പലരും വേണ്ടെന്നുപറഞ്ഞെങ്കിലും ബ്രേക്ക് ഫാസ്റ്റ് നിരസിക്കാൻ എെൻറ വിശപ്പ് അനുവദിച്ചില്ല. വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തു. കൊറോണ ആയാലും വിമാനം നിൽക്കുന്നതിനുമുമ്പേ ചാടി പുറത്തുകടക്കാൻ വ്യഗ്രത കാണിക്കുന്ന മലയാളിയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലായിരുന്നു. ആ വിമാനത്തിലുള്ള ഒരാൾക്കെങ്കിലും കൊറോണ ഉണ്ടെങ്കിൽ എല്ലാവരിലേക്കും പകരുന്ന രീതിയിൽ തിക്കിത്തിരക്കി പുറത്തേക്കുപോകുന്ന യാത്രക്കാർ. ഒരു തിരക്കുമില്ലാതെ ചില ഫാമിലി അടക്കമുള്ള യാത്രക്കാരോടൊപ്പം അവസാനമാണ് ഞാൻ ഇറങ്ങിയത്. തിക്കിത്തിരക്കി പുറത്ത് എത്തിയ യാത്രക്കാർ സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കാൻ പേന ഇല്ലാതെ പരക്കം പായുന്നു.
ദുബൈയിൽനിന്ന് തന്നെ മൂന്നു സെറ്റ് സെൽഫ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചു വെച്ചിരുന്നതുകൊണ്ട് ആ ബുദ്ധിമുട്ടില്ലാതെ നേരെ എമിേഗ്രഷനിലേക്ക്. എമിഗ്രേഷൻ എത്തുന്നതിന് തൊട്ടുമുമ്പായി പനി പരിശോധന നടത്തി. പനി ഇല്ല എന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സെൽഫ് ഡിക്ലറേഷൻ ഫോറത്തിൽ ആരോഗ്യ വകുപ്പിെൻറ സീൽ വെച്ചു. വീണ്ടും ആരോഗ്യ വിഭാഗത്തിെൻറ കൗണ്ടർ.
14 ദിവസം ഹോം ക്വാറൻറീൻ കിടക്കാമെന്ന സത്യവാങ്മൂലവും നാട്ടിലെ അഡ്രസ്സും എഴുതിക്കൊടുത്തു. പുറത്തേക്കുപോകാം എന്ന് കരുതിയപ്പോൾ വേറൊരു പ്രശ്നം. സ്വന്തം വണ്ടി ഇല്ലെങ്കിൽ പ്രീപെയ്ഡ് കൗണ്ടറിൽനിന്ന് ടാക്സി ബുക്ക് ചെയ്ത് ആ വണ്ടി നമ്പറും ആ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണം. അങ്ങനെ നാദാപുരം സ്വദേശികളായ രണ്ടുപേരെ ഷെയർ കൂട്ടി 7500 രൂപ കൊടുത്ത് ഇന്നോവ ടാക്സിയിൽ നാദാപുരത്തേക്ക്. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ട് നാദാപുരം എത്തുന്നതിനിടക്ക് ഞങ്ങൾ ഇന്നോവ നിർത്തിയത് ഒരു ചായക്കടയുടെ മുന്നിൽ മാത്രം. ഡ്രൈവർ ഇറങ്ങിപ്പോയി ചായയും കടിയും വാങ്ങി ഞങ്ങൾക്ക് എത്തിച്ചു തന്നു. ഞങ്ങൾ ചായ കുടിച്ച ഗ്ലാസിെൻറ പൈസയും ഞങ്ങൾ കൊടുത്തു. ചായ കുടിച്ചശേഷം ആ ഗ്ലാസ് പൊട്ടിച്ചുകളഞ്ഞു.
ഗർഭിണിയായ ഭാര്യയോടും മക്കളോടും അവരുടെ വീടിനുവെളിയിൽ വന്നു നിൽക്കാൻ വിളിച്ചുപറഞ്ഞു. ഭാര്യാഗൃഹത്തിെൻറ ഏകദേശം 20 മീറ്റർ അകലത്തിൽ നിന്നുകൊണ്ട് അവരെ നോക്കി കൈവീശി സലാം പറഞ്ഞ് മടങ്ങുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. വീടിെൻറ മുകൾനിലയിലെ രണ്ടു റൂമുകളിലും ബാൽക്കണിയിലുമായാണ് ആരോഗ്യപ്രവർത്തകർ നിർദേശിച്ച 28 ദിവസവും എെൻറ വക രണ്ടുദിവസവും ചേർത്ത് ഒരു മാസം കഴിച്ചുകൂട്ടുന്നത്.വിമാനത്തിൽ അടുത്തിരുന്ന യാത്രക്കാരൻ, നെടുമ്പാശ്ശേരിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവർ, ടാക്സിയിലെ സഹയാത്രികർ ഇവരുടെയൊക്കെ ഡീറ്റയിൽസും എെൻറ റൂട്ട് മാപ്പും മൊബൈലിലെ നോട്ട് പാഡിലേക്ക് പകർത്തിയെഴുതി.
ഏകാന്തജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ച പിന്നിട്ടു. ഇനിയും 16 ദിവസം ഇതു തുടരും. വഴിയിൽനിന്ന് കൈവീശിക്കാണിച്ചുപോയ ഉപ്പയെ ഇത്ര ദിവസമായിട്ടും ഒന്നു വിശദമായി കാണാനും അൽപനേരമെങ്കിലും കൂടെ കളിക്കുവാനും കിട്ടാത്തതിെൻറ കാരണം കുഞ്ഞുങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമെന്ന വിശ്വാസത്തിലാണ് ഞാൻ. മക്കളെ ഇതു നിങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ കുഞ്ഞാവക്കുവേണ്ടിയാണ്. നമ്മുടെ നാടിനുവേണ്ടി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.