സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല തൂഖ് അൽ മർറി ചില്ലറ വ്യപാരകേന്ദ്രത്തിൽ സന്ദർശനം നടത്തുന്നു
ദുബൈ: റമദാൻ മാസത്തിന് മുന്നോടിയായി അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചില്ലറ വ്യപാരകേന്ദ്രങ്ങളിൽ നേരിട്ടെത്തി സാമ്പത്തികകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല തൂഖ് അൽമർറി. ഒമ്പത് അവശ്യ വസ്തുക്കളുടെ കാര്യത്തിൽ ചില്ലറ വ്യാപാര സ്ഥാപനങ്ങൾ പുതിയ വിലനിർണയ നയം നടപ്പിലാക്കുന്നുണ്ടെന്നും അന്യായമായി വില വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി സന്ദർശന ശേഷം വ്യക്തമാക്കി.
പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ ഉൽപന്നങ്ങൾ, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നീ ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഇനങ്ങളുടെ വില മാർഗനിർദേശങ്ങൾക്കനുസരിച്ച് വ്യക്തമായി പ്രദർശിപ്പിക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഇത് ഉറപ്പാക്കാനായി പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലാണ് മന്ത്രി സന്ദർശിച്ചത്. പുതിയ വിലനിർണയ നയം നടപ്പിലാക്കുന്നതിൽ വിൽപന കേന്ദ്രങ്ങൾ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും വില അന്യായമായി ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് സന്ദർശനങ്ങളിൽ ശ്രദ്ധിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഡിസംബറിൽ ഒമ്പത് അവശ്യ ഉൽപന്നങ്ങളുടെ തുടർച്ചയായ വില വർധനവിന് സാമ്പത്തികകാര്യ മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തുടർച്ചയായി വില കൂട്ടാന്‍ ചില്ലറ വിൽപനക്കാര് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിർദേശിച്ചത്. കൂടാതെ അടിസ്ഥാന ഉൽപന്നങ്ങള്ക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞത് ആറ് മാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ മാറ്റങ്ങള്‍ ജനുവരി രണ്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്.
പുതിയ ഉത്തരവ് അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, ഡിജിറ്റല്‍ വ്യാപാരികള്‍, യു.എ.ഇയിലെ ഉപഭോക്താക്കള്‍ എന്നിവരെല്ലാം നടപ്പിലാക്കണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും പുതിയ നയം ബാധകമാണ്. അനധികൃത വിൽപനരീതി ഇല്ലാതാക്കി വിപണി സ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.