'ബേണിങ് ഈവിൾ ഡോൾ’ ചലഞ്ചിനെതിരെ പൊലീസ് മുന്നറിയിപ്പ്

ദുബൈ: ‘ബേണിങ് ഈവിൾ ഡോൾ’ ചലഞ്ച് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ പ്രവണതക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. സമൂഹ മാധ്യമങ്ങളിൽ ദുർപാവകളെ കത്തിക്കുന്ന വിഡിയോകൾ വൈറലായതോടെ ചില യുവാക്കളും പ്രേത സീനുകൾ അനുകരിച്ച് പൊതുസ്ഥലങ്ങളിലും ഇൻഡോറുകളിലും ഇത്തരം അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഗുരുതരമായ അപകടത്തിനും തീപിടിത്തത്തിനും ജീവഹാനി സംഭവിക്കുന്നതിനും ഇത്തരം പ്രവൃത്തികൾ വഴിവെക്കുമെന്ന് സൈബർ സുരക്ഷ ബോധവത്കരണ പ്രതിമാസ കാമ്പയ്നിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ പൊലീസ് വ്യക്തമാക്കി.

ഫാബ്രിക്, പ്ലാസ്റ്റിക്, സിന്തറ്റിക് കൊണ്ട് നിർമിക്കുന്ന പാവകളുടെ മുടി കത്തിക്കുന്നതിലൂടെ വിഷവാതകം പുറത്തേക്ക് വരുകയും അടച്ചിട്ട ഇടങ്ങളിൽ വളരെ വേഗത്തിൽ ഇത് വ്യാപിക്കുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ നടപടികൾ രക്ഷിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും സുരക്ഷിതമല്ലാത്ത ചലഞ്ചുകൾ അനുകരിക്കുന്നതിൽനിന്ന് അവരെ നിരുത്സാഹപ്പെടുത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.

സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി മാത്രമാണ് അനന്തരഫലങ്ങൾ പരിഗണിക്കാതെ ചിലർ ഇത്തരം വിഡിയോകൾ നിർമിക്കുന്നത്. സമൂഹ മാധ്യമങ്ങളിലോ ചാറ്റ് ഗ്രൂപ്പുകളിലോ ഇത്തരം വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. അപകടകരമായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമപരമായ കുറ്റമാണെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് അത് വഴിവെക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Police warn against 'Burning Evil Doll' challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.