ദുബൈ: പൊലീസ് തിരയുന്ന ക്രിമിനലുകൾ കണ്ണുവെട്ടിച്ച് മുങ്ങി നടന്നാലും ഇനി കുടുങ്ങും. ആയിരക്കണക്കിനാളുകൾക്കിടയിൽ ഒളിച്ചു നിന്നാലും രക്ഷയില്ല. കള്ളൻമാരെ വെട്ടിക്കുന്ന സ്മാർട്ട് കണ്ണടകളാണ് അബൂദബി പൊലീസ് ഉപയോഗിക്കാനൊരുങ്ങൂന്നത്. കുഞ്ഞു കാമറ അടങ്ങിയതാണ് സ്മാർട്ട് ഗ്ലാസുകൾ. ഒപ്പം കൃത്രിമ ബുദ്ധിവൈഭവം കൂടി ഉപയോഗിക്കുന്നതോടെ ക്രിമിനലുകളുടെ കാര്യം തീരുമാനമാവും. ആൾക്കൂട്ടത്തിെൻറ ചിത്രം പകർത്തുന്ന ക്യാമറ ആ മുഖങ്ങൾ സ്കാൻ ചെയ്യും. സംശയാസ്പദമായ മുഖങ്ങൾ കണ്ടാലുടൻ പൊലീസിലും എമിഗ്രേഷനിലുമെല്ലാം വിവരം നൽകും. കണ്ണ്, മുഖം തിരിച്ചറിയിൽ സോഫ്റ്റ്വെയറാണ് സ്മാർട്ട് ഗ്ലാസിൽ ഉപയോഗിക്കുന്നത്. അതിവേഗത്തിൽ പഴയ പൊലീസ് രേഖകൾ തെരഞ്ഞ് പ്രശ്നക്കാരെ കണ്ടെത്താനും വിരുതനാണ് ഇൗ കണ്ണട. വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ നോക്കിയാലുടൻ ഉടമയുടെ പേരും വിവരവും വിലാസവുമെല്ലാം സംഘടിപ്പിക്കാനും കഴിവുണ്ട്. മോഷ്ടിച്ച കാറുകൾ പിടികൂടാനും അപകട മേഖലയിൽ രക്ഷാപ്രവർത്തനം എളുപ്പമാക്കാനും ഇവ സഹായിക്കും.ദുബൈയിൽ നടക്കുന്ന ജൈടെക്സ് ടെക്നോളജി വാര പ്രദർശനത്തിലാണ് കണ്ണട പ്രദർശിപ്പിച്ചിരിക്കുന്നത്്. ഗ്ലാസുകൾ നിലവിൽ ഗവേഷണ ഘട്ടത്തിലാണെന്നും അധികം വൈകാതെ രാജ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന ദൗത്യത്തിനായി അബൂദബി പൊലീസ് ഇവ ഉപയോഗിച്ചു തുടങ്ങുമെന്നും ഫസ്റ്റ് വാറണ്ട് ഒഫീസർ അദ്നാൻ അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.