ദുബൈ/അജ്മാന്: കാരുണ്യത്തിന്റെ മാസമായ റമദാനിൽ താമസക്കാരെ ചൂഷണം ചെയ്യാൻ വിസിറ്റ് വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി ദുബൈ പൊലീസ്.
യു.എ.ഇയിലെ ജനങ്ങൾ കൂടുതൽ ഉദാരത കാണിക്കുന്ന മാസം ലക്ഷ്യംവെച്ചാണ് ‘ഭിക്ഷാടന ടൂറിസ്റ്റു’കൾ വരുന്നതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. റമദാൻ തുടക്കം മുതൽ ആരംഭിച്ച യാചന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നിരവധി പേരെ ദുബൈ പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഇവരിൽ കുഞ്ഞിനെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി 30,000 ദിർഹം സമ്പാദിച്ച സ്ത്രീയും ഉൾപ്പെടും.
ഏപ്രിൽ 13വരെ നീളുന്ന കാമ്പയിനിന്റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യാചകർ സ്ഥിരമായി തമ്പടിക്കുന്ന പള്ളികളിലും മാർക്കറ്റുകളിലുമാണ് പരിശോധന ശക്തമായിട്ടുള്ളത്. സംഘടിത ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന മറ്റൊരു സ്ത്രീ യാചകയെ അറസ്റ്റ് ചെയ്തപ്പോൾ 60,000 ദിർഹവും കണ്ടെടുത്തതായി ദുബൈ പൊലീസിലെ ബന്ധപ്പെട്ട വകുപ്പ് ഡയറക്ടർ ബ്രി. അലി അൽ ശംസി പറഞ്ഞു.
മറ്റു എമിറേറ്റുകളിലും യാചനക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. അജ്മാന് എമിറേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്. റമദാൻ മാസത്തിന്റെ ആദ്യ ആഴ്ചയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചിൽ സംഘത്തെ രൂപവത്കരിച്ച് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുമായും താമസക്കാരുമായും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ച് കൊണ്ടാണ് ഈ വര്‍ഷത്തെ കാമ്പയിന് നടപ്പിലാക്കുന്നതെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി.
ദരിദ്രരെയും രോഗികളെയും സഹായം ആവശ്യമുള്ള ഏവരെയും സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. യാചകരെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ 067034309 എന്ന നമ്പര്‍ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ വർഷവും റമദാനിൽ ഭിക്ഷാടനത്തിനെത്തുന്ന നൂറുകണക്കിനാളുകൾ രാജ്യത്ത് പിടിയിലാകാറുണ്ട്.
യാചനക്ക് ശിക്ഷ ഇങ്ങനെ
ദുബൈ: യു.എ.ഇയിൽ അനധികൃതമായി പണം ചോദിക്കുന്നവർക്ക് മൂന്നു മാസം വരെ തടവും 5,000 ദിർഹം പിഴയും ലഭിക്കും. സംഘടിത ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന ക്രിമിനൽ സംഘത്തിലെ അംഗങ്ങൾക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 10,000 ദിർഹം പിഴയുമാണ് ശിക്ഷ.
ഔദ്യോഗിക അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംഭാവന ചോദിക്കുന്നവർക്ക് യു.എ.ഇയുടെ സൈബർ ക്രൈം നിയമങ്ങൾ പ്രകാരം 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹംവരെ പിഴ ചുമത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.