ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ, യുക്രെയ്ൻ, യു.എസ് നേതാക്കൾ ചേർന്ന് അബൂബദിയിൽ നടത്തിയ ത്രിരാഷ്ട്ര ചർച്ചയെ സ്വാഗതം ചെയ്ത് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. നാല് വർഷത്തോളമായി തുടരുന്ന മാനുഷിക സംഘർഷങ്ങളും പ്രതിസന്ധികളും അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് ത്രിരാഷ്ട്ര ചർച്ചകൾ സഹായകമാവുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് സമാധാനത്തെ പിന്തുണക്കുന്നതിനും വെല്ലുവിളികളെ അർഥവത്തായ അവസരാങ്ങളാക്കി മാറ്റുന്നതിലും യു.എ.ഇയുടെ നേത്വപരമായ പങ്കിലും സമീപനത്തിലും അന്തരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസമാണ് ത്രിരാഷ്ട്ര ചർച്ചകൾക്ക് ആതിയേഥത്വം വഹിക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ചർച്ചകൾക്ക് വഴിയൊരുക്കിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയേയും അദ്ദേഹം പ്രശംസിച്ചു. മൂന്ന് രാജ്യങ്ങളുമായും യു.എ.ഇ മികച്ച പങ്കാളിത്തം നിലനിർത്തുന്നു.
പരസ്പര ചർച്ചകളിലൂടെ മാത്രമേ സംഘർഷങ്ങൾക്ക് സുസ്ഥിരമായ പരിഹാരം കാണാനാവൂവെന്ന് യു.എ.ഇ ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ വ്യവസ്ഥകൾ സംബന്ധിച്ചാണ് റഷ്യ, യുക്രെയ്ൻ നേതാക്കൾ അമേരിക്കയുടെ മധ്യസ്ഥതയിൽ അബൂദബിയിൽ ചർച്ച നടത്തിയത്. റഷ്യ, യുക്രെയ്ൻ തടവുകാരെ പരസ്പരം കൈമാറുന്നതിനായി യു.എ.ഇ ഇതിനകം 17ലധികം വിജയകരമായ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.