ദുബൈ: ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ യു.എ.ഇ ഏഴാം സ്ഥാനത്ത്. ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ആളോഹരി വരുമാനം വർധിക്കുകയും ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി-പി.പി.പി) അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന 2022ലെ ആളോഹരി വരുമാന കണക്കാണ് ലോകബാങ്ക് പുറത്തുവിട്ടത്.
ഇന്റർനാഷനൽ ഡോളറിൽ 10,781 ആയിരുന്ന പി.പി.പി 2022ൽ 87,729 ഡോളറായാണ് വർധിച്ചത്. വിവിധ രാജ്യങ്ങളുടെ വാങ്ങൽശേഷി താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് ഇന്റർ നാഷനൽ ഡോളർ. ഏറ്റവും പുതിയ ലോകബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെട്ടിരിക്കുകയാണ്. ലോകബാങ്ക് ലോകരാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് അറ്റ്ലസ് രീതിയനുസരിച്ചാണ്.
ഇതുപ്രകാരം കുറഞ്ഞ വരുമാനക്കാർ, താഴ്ന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന വരുമാനക്കാർ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്.മുൻ വർഷത്തെ ആളോഹരി വരുമാനത്തെ അടിസ്ഥാനമാക്കി ജൂലൈ മാസത്തിലാണ് ഈ വർഗീകരണം പുറത്തുവിടാറുള്ളത്. പട്ടികയിൽ ഉയർന്ന വരുമാനക്കാരായ രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇ ഇടംപിടിച്ചത്.
അറ്റ്ലസ് രീതി പ്രകാരം, യു.എ.ഇയിലെ ആളോഹരി വരുമാനം യു.എസ് ഡോളറിൽ 48,950 ആണ്. കഴിഞ്ഞ തവണ 43,460 ആയിരുന്നതാണ് വർധിച്ചത്. മാത്രമല്ല, കോവിഡിന് മുമ്പുണ്ടായിരുന്ന 46,210 മറികടക്കാനും ഇത്തവണ സാധിച്ചു.ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ കണക്കാക്കുന്നത് 13,845 ഡോളറിന് മുകളിലുള്ളവ എന്നത് അടിസ്ഥാനമാക്കിയാണ്. 80 ശതമാനം രാജ്യങ്ങളും കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിൽനിന്ന് വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.